Monday, April 1, 2013

അവള്‍ നിലൂഫര്‍ .........




വെള്ള പുതച്ച് ശാന്തമായി കണ്ണുകളടച്ച് കിടക്കുന്ന   നിലൂഫറിന്റെ മുഖത്തേക്ക് നോക്കിനിന്നപ്പോള്‍ അവള്‍ പുഞ്ചിരിക്കുന്നതു പോലെ തോന്നി. അവളെ അങ്ങനെ കണ്ട നിര്‍വൃതിയില്‍ നീര്‍മിഴികള്‍ മെല്ലെ പൂട്ടവെ ആരോ പറയുന്നുണ്ടായിരുന്നു.നിലൂഫര്‍ മരിച്ചിരിക്കുന്നു....!!


അതെ നിലൂഫര്‍ മരിച്ചിരിക്കുന്നു. ആ സത്യം എന്റെ കണ്ണുകളെ വീണ്ടും തുറക്കാന്‍ പ്രേരിപ്പിച്ചു. സാധാരണ മരണവീടുകളില്‍ കാണുന്ന ആര്‍ത്തലച്ച വിലാപങ്ങളോനിശബ്ദതയില്‍ ഉയരുന്ന തേങ്ങലുകളോ ഒന്നും ഇല്ല. അവിടെ കൂടി നിന്നവരുടെ കണ്ണുകളിലേക്ക് നോക്കവെ അവയ്ക്കെല്ലാം ഓരോരോ കഥകള്‍ അവളെ പറ്റി പറയാനുള്ളതുപോലെ തോന്നി. അഹങ്കാരിയും, തന്റേടിയും ആണെന്നു ചിലര്‍ ഭാര്യയും ഉമ്മയും ആണെന്നും, അല്ല കാമുകിയും, വഞ്ചകിയും എന്ന് പറയുന്നവരും, ഇതൊന്നുമല്ല ഭ്രാന്തിയായിരുന്നു എന്ന് പറയുന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. സത്യത്തില്‍ 'നിലൂഫര്‍' അവള്‍ ആരായിരുന്നു....?


എന്നെ കൂടാതെ അവളെ നന്നായി അറിയുന്നവര്‍ വേറെയും ഉണ്ടാകുമോവല്ലപ്പോഴും എന്റെ വീടിന് മുന്നിലൂടെയുള്ള അവളുടെ യാത്രകളില്‍ ഒരു പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെയത് കുശലാന്വേഷണങ്ങളും അവളെ എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകയുമാക്കി. ഭ്രാന്തമായിപ്പൊട്ടിച്ചിരിക്കയുംതമാശകള്‍ പറയുകയും ചെയ്യുമായിരുന്നെങ്കിലും ആ സുന്ദര മുഖത്തെപ്പോഴും ഒരു വിഷാദഭാവം നിഴലിച്ചിരുന്നു. അവളുടെ മിഴിയുടെ ആഴങ്ങളില്‍ ദൈന്യതയോടെ ഇരമ്പുന്ന സാഗരം എന്തിനാണെന്നറിയാനുള്ള വെമ്പല്‍ എന്നില്‍ പലപ്പോഴും ഉണ്ടാക്കിയെങ്കിലും അത് അവളെ വേദനിപ്പിച്ചാലോ എന്നോര്‍ത്ത് അടക്കിനിര്‍ത്തി.


ആമിനത്ത ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഒന്നില്‍ നിലൂഫര്‍ വന്നപ്പോഴാണു അവര്‍ പരിചയക്കാരും അയല്‍ക്കാരും ആണെന്ന് അറിഞ്ഞത്. ഭര്‍ത്താവിനെയുംമക്കളെയും ഒക്കെ ഒഴിവാക്കി ഒറ്റയ്ക്കു കഴിയുന്ന അഹങ്കാരിയുംതന്റേടിയും ആണു നിലൂഫര്‍ എന്ന ആമിനത്തയുടെ വാക്കുകള്‍ക്ക് എന്തുകൊണ്ടോ ഞങ്ങള്‍ക്കിടയില്‍  അകല്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞില്ല.. ദിവസങ്ങള്‍ക്ക് മുന്‍പുള്ള ഒരു സന്ധ്യാനേരത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കയറി വന്ന് ഈരാത്രി ഞാന്‍ ഇവിടെ കഴിയുന്നതില്‍ ബുദ്ധിമുട്ടുണ്ടോ എന്ന അവളുടെ ചോദ്യത്തിനു ഇല്ല എന്ന് തലയാട്ടവെ, എന്റെ കണ്ണുകളിലെ പകപ്പ് അവള്‍ കണ്ടിരുന്നുവോ........?


മണിക്കൂറുകള്‍ നീണ്ട നിശബ്ദതയെ ഭജ്ഞ്ഞിച്ചുകൊണ്ട് അവള്‍ പറഞ്ഞ്തുടങ്ങി... ബാല്യകാലത്തുണ്ടായ പിതാവിന്റെ വേര്‍പാട് ഉമ്മയും ഏഴ് മക്കളുമടങ്ങുന്ന ജീവിതം ദുരിതപൂര്‍ണമാക്കി. തളര്‍ത്തിതുടങ്ങിയ ജീവിതയാത്രയില്‍ സഹായഹസ്തവുമായി വന്ന ഇളയുമ്മക്കൊപ്പം ഉമ്മ പറഞ്ഞയച്ചപ്പോള്‍ അത് ഉമ്മയുടെ സ്നേഹമാണെന്നവള്‍ ധരിച്ചു. സ്നേഹ വാക്കുകള്‍ ആവോളം പകര്‍ന്നുതന്ന് രാപ്പകല്‍ പണിയെടുപ്പിച്ച ഇളയുമ്മായ്ക്കും തന്നോട് സ്നേഹമാണെന്നവള്‍ കരുതി. നയനങ്ങളാല്‍ സാന്ത്വനവും, സ്വപ്നങ്ങളും കൈമാറി നിശബ്ദമായി കടല്‍ കടന്ന് പോയ കാമുകന്‍ അവളെ പ്രണയിച്ചിരുന്നു എന്നും വിശ്വസിച്ചു അവള്‍. തന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ സമ്പന്നന്‍ വിവാഹം കഴിച്ചപോള്‍ മരണം വരെ അയാള്‍ സംരക്ഷിക്കുമെന്നുംതാന്‍ ഭാര്യ ആണെന്നും, തൊണ്ണകാട്ടി ചിരിക്കുന്ന പൂമുഖം കണ്ടപ്പോള്‍ താന്‍ ഒരു ഉമ്മയാണെന്നും അവള്‍ കരുതി. കാലങ്ങള്‍ നീണ്ട യാത്രയില്‍ ഭര്‍ത്താവിന്റെ അപഥസഞ്ചാരവും, പീഡനവും കൊണ്ടവശയായി നിന്നപ്പോള്‍ സാന്ത്വനവുമായി വന്ന് മനസ്സും, ശരീരവും കവര്‍ന്ന അയല്‍ക്കാരനും തന്നെ സ്നേഹിക്കയാണെന്ന് വിശ്വസിച്ചു അവള്‍...


മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട, സഹോദരങ്ങളാല്‍ തിരസ്കരിക്കപ്പെട്ടഭര്‍ത്താവിനാലും, മക്കളാലും, ആട്ടിപ്പായിക്കപ്പെട്ടകാമുകനാല്‍ വഞ്ചിക്കപ്പെട്ടസമൂഹത്താല്‍ പുശ്ചിക്കപ്പെടുന്ന ഞാന്‍ സത്യത്തില്‍ ആരാണെന്ന് എനിക്കൊന്ന് പറഞ്ഞുതരൂ...... എന്ന് പറഞ്ഞുകൊണ്ടുള്ള അവളുടെ ആര്‍ത്തലച്ച വിലാപം കാതുകളില്‍ ഉണ്ടാക്കിയ മരവിപ്പ് മാറുന്നതിനുമുന്‍പേയുള്ള അവളുടെ ഈ വേര്‍പാട് ശരീരത്തെയും മരവിപ്പിച്ചുകളഞ്ഞു..


തന്‍റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ജീവിതത്തിലെന്നും പെയ്തിറങ്ങിയ ദുരന്തങ്ങള്‍ക്കൊടുവിലെ ഈ മരണം അവള്‍ മുന്‍കൂട്ടി കണ്ടിരുന്നുവോ...? എന്തിനായിരുന്നു നെഞ്ചിനുള്ളിലൊരു നീറ്റല്‍ അവശേഷിപ്പിച്ച് ഉത്തരം കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ ആ ചോദ്യം എന്‍റെ നേര്‍ക്ക് വലിച്ചെറിഞ്ഞ് അവള്‍ കടന്നുപോയത്......അവളുടെ ചോദ്യത്തിനുള്ള ഉത്തരം പരതവെ എന്റെ മുന്നിലേക്ക് തെളിഞ്ഞ് വന്ന മുഖങ്ങള്‍ക്കെല്ലാം ഒരേ ഛായയാണെന്ന് പകപ്പോടെ ഞാന്‍ തിരിച്ചറിഞ്ഞു. അത് അവളുടെതായിരുന്നു......

അവള്‍ നിലൂഫര്‍.................!!



                                             Razla Sahir
                                                Salalah