Wednesday, September 26, 2012

ആത്മ നൊമ്പരം .............



മരണം. അത് ഭീകരമാണ്. നിറവും ഗന്ധവുമൊക്കെ അതിനുണ്ടെന്ന് പ്രിയപ്പെട്ടവരുടെ മരണം നമ്മെ അറിയിക്കുന്നു.'അമ്മയെ കാണാന്‍ എന്റെ പൊന്നുമോള് വരുന്നില്ലേ' എന്ന ആര്‍ത്തനാദമാണ് എന്റെ കാതുകളില്‍...! ഞാന്‍ ചെല്ലുന്നതു കാത്തുനില്‍ക്കാതെ  അനന്ത നിദ്രയിലേക്കു പോയി, ചലനമറ്റു വെള്ളപുതച്ചുകിടക്കുന്ന അമ്മയുടെ രൂപമാണ് എന്റെ കണ്ണുകളില്‍. ആന്തരാത്മാവിനെപ്പോലും മരവിപ്പിക്കുന്ന തണുപ്പ്, അമ്മയ്ക്കു ഞാന്‍ നല്‍കിയ അന്ത്യചുംബനത്തിലൂടെ എന്റെ ശരീരത്തിലെ ചൂടിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഭയപ്പെടുത്തുന്ന ഏകാന്തത എന്റെ ചിന്താമണ്ഡലത്തെ ശൂന്യമാക്കിയിരിക്കുന്നു.

ആദ്യാക്ഷരം മുതല്‍ പലതും അറിഞ്ഞും അറിയാതെയും എന്നെ പഠിപ്പിച്ച എന്റെ അമ്മയുടെ മരണം പോലും നീറിപ്പിടയുന്ന ഓര്‍മപ്പെടുത്തലായി അവശേഷിച്ചു. പറഞ്ഞുകേട്ട പദങ്ങള്‍ക്കും മനസ്സിലാക്കിയതിനുമപ്പുറം പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തൊക്കെയോ ആണ് അമ്മ എന്ന് ഇന്നു ഞാന്‍ തിരിച്ചറിയുന്നു. കാരണം, തിരിച്ചു കിട്ടാത്തവിധം എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടിരിക്കുന്നു. മരണം അങ്ങനെയാണ്. കാണാമറയത്തേക്കു കൂട്ടിക്കൊണ്ടു പോകുമ്പോഴും പലതും കാട്ടിത്തരുന്നു. ജീവിതത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയിലും എന്റെയൊരു ഫോണ്‍വിളിയ്ക്കായ് കാതോര്‍ത്ത്, എന്റെ വരവിനായ് കാത്തിരിക്കുന്ന,ഞാന്‍ ചിരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന , എനിക്കു നോവുമ്പോള്‍  എന്നേക്കാള്‍ നോവുന്ന , ഞാന്‍ കരയുമ്പോള്‍  പൊട്ടിക്കരയുന്ന എന്റെ പ്രിയപ്പെട്ട അമ്മ.....

കാലത്തിന്റെ കുത്തൊഴുക്കിലെ ഭാവഭേദങ്ങളൊന്നുംമില്ലാതെ വാശിപിടിച്ചൊന്നു ചിണുങ്ങാനും, ചേര്‍ത്തുപിടിച്ചു വാത്സല്യത്തോടെ ഒരു ചോറുരുള വായില്‍ വെച്ചു തരാനും ഒന്നും കാതങ്ങള്‍ക്കുമപ്പുറം എന്റെ അമ്മയിനി ഇല്ലെന്ന തിരിച്ചറിവില് പിതാവിന്റെ വേര്‍പാടില്‍ ഞാന്‍ അറിയാതെപോയ, അമ്മയെന്നെ അറിയിക്കാതിരുന്ന അനാഥത്വംവും  ഇന്നു ഞാന്‍ തിരിച്ചറിയുന്നു .

ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള വീര്‍പ്പുമുട്ടലിലും ഇന്നെന്റെ ഞരമ്പുകളിലോടുന്ന ജീവരക്തം, മുലപ്പാലിന്റെ മാധുര്യത്താല്‍ എന്റെ നാവിലേക്കിറ്റിച്ചു തന്ന അമ്മ..! മരണം വരെ നെഞ്ചോടു ചേര്‍ത്തു പിടിക്കേണ്ട മാസ്മരികഗന്ധമുള്ള എന്റെ അമ്മയുടെ സുന്ദരമുഖവും ഓര്‍മകളും കാലത്തിന്റെ കുത്തൊഴുക്കിനു കാത്തുനില്‍ക്കാതെ മറവിയുടെ മൂടുപടം നിമിഷാര്‍ദ്ധത്തില്‍ എന്റെ തലച്ചോറിനെ ആവരണം ചെയ്യണേ എന്ന പ്രാര്‍ത്ഥനയുടെ പ്രേരണയില്‍ ഞാനറിയുന്നു, ഞാനും ഒരമ്മയാണെന്ന്.
*************************************Razla Sahir*******************************



Wednesday, September 19, 2012

യാത്രക്കിടെ ........




നിലാവില്‍ ഞാന്‍ ഏകയായ്
നവയാത്ര തുടങ്ങവേ
നിശയില്‍ പൂക്കുമാ
 
നിശാഗന്ധി പോല്‍
നിന്മുഖം എന്മുന്നില്‍ വിടരവേ
നിന്നെ പുല്‍കുവാന്‍ എന്‍കരംനീട്ടവേ
നിഴലായി മെല്ലെ നീങ്ങിതുടങ്ങിനീ
നിന്നിലേക്കെത്തുവാന്‍
നിന്നെ തിരഞ്ഞു ഞാന്‍ വേഗത്തില്‍
നീങ്ങവേ ...

നീളുമാ പാളത്തിന്‍
നടുവിലെന്‍ കാല്‍തട്ടി
നിലതെറ്റി വീഴവെ
നിലാവില്‍ കണ്ടു ഞാന്‍
നിണമണിഞ്ഞൊരാ
നിശ്ചല രൂപം ഒരു മാത്രാ ..

നിഴല്‍ തേടി തളര്‍ന്നു ഞാന്‍
നടവഴിയില്‍ ഇരിക്കവേ
നിലത്തു കിടന്നൊരാ
നിലകണ്ണാടി കഷ്ണത്തില്‍ നോക്കവേ
നിലാവില്‍ തെളിഞ്ഞതാ..
നിണമണിഞ്ഞ
നിശ്ചല രൂപമായിരുന്നു.....


--------------------------------------------Razla Sahir-------------------------------------------

Friday, September 14, 2012

മാരിവില്ല്



പുലരിയില്‍ നീ തന്ന വര്‍ണ്ണങ്ങള്‍ ചേര്‍ത്ത്

മാരിവില്‍ കൊണ്ടൊരു ഹൃത്ത് മെനഞ്ഞു ഞാന്‍

സന്ധ്യയില്‍ നീ തന്ന ചുംബന കുങ്കുമം

എന്‍ സിരയില്‍ ഞാന്‍ ഒഴുക്കിവിട്ടു....

നിന്‍ ഗാനവീചികള്‍ എന്ശ്വസമാക്കി

എന്നുപറഞ്ഞു ഞാന്‍ ആര്‍ത്തു ചിരിക്കവേ ..

നേര് അറിഞ്ഞീടുവാന്‍

ചെമ്പട്ടുടുത്ത് നീ കോമരമായ് വന്ന്‌

എന്‍ കണ്Oസിര അറുത്ത് മുറിച്ചതും

കുങ്കുമച്ചോര ഒഴുക്കികളഞ്ഞതും

വെട്ടിപ്പൊളിച്ചയെന്‍ ഹൃത്തിന്റെ ആഴത്തില്‍

മാരിവില്ലില്ലെന്ന് പുലഭ്യം പറഞ്ഞു നീ

കണ്ണിമ ചിമ്മവേ നിന്‍ കണ്ണില്‍ കണ്ടു ഞാന്‍

ആയിരം മാരിവില്ല് ............


---------------------------------------Razla Sahir,Salalah.---------------------------------------

Tuesday, September 11, 2012

ഒരു വാലന്റൈന്‍സ് ഡേയുടെ ഓര്‍മ്മയ്ക്ക്‌...

                        ഒരു വാലന്റൈന്‍സ് ഡേയുടെ ഓര്‍മ്മയ്ക്ക്‌


                     
      "
ഹോ
... ഭ്രാന്ത്‌ പിടിക്കുന്നു",തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു.ഇന്ന് ഇനി ഉറക്കം നടക്കുമെന്ന് തോന്നുനില്ല.എന്തെങ്കിലും വായിച്ച് നേരം വെളുപ്പിക്കാം.ബുക്ക്‌ കൈയിലെടുത്ത് അടയാളം വച്ചിരുന്ന പേജ് ലെ പേന എടുത്തുമാറ്റി വായിച്ചുതുടങ്ങി.ബാലചന്ദ്രന്‍ ചുള്ളികാടിന്റെ കവിതയാണ്.

ആദ്യാനുരാഗ പരവശനായ്‌ ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെ കാണിച്ച്
പ്പൊട്ടിചിരിച്ചു രസിച്ച പെണ്‍കുട്ടിയെ............

                                       "ഈശ്വരാ..........എന്തൊരുപരീക്ഷണമാണിത്.പ്രണയം,പ്രണയം,പ്രണയം".......ഈ നശിച്ച ചിന്തയില്‍നിന്ന്‍ രക്ഷപ്പെടാന്‍ കഴിയില്ലേ......ഒരിക്കലും.ഇന്ന് ഹണിയുടെ മെയില്‍ ആണ് ആ സത്യം വിളിച്ചറിയിച്ചത്.ഫെബ്രുവരി പതിനാല്.വാലെന്റൈന്‍സ്‌ ഡേ.പ്രണയിതാക്കളുടെ ദിനം.പണ്ടൊക്കെ വിഷ്ചെയ്യാന്‍ വരുന്ന കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി നിനക്കൊന്നും നാണമില്ലേ?പ്രണയിക്കാനും ഒരു ദിനമോ ഫൂ..........എന്ന് ആട്ടിതുപ്പിയിരുന്നു.പക്ഷെ ഇന്ന് കാലങ്ങള്ക്കിപ്പുറം ഫെബ്രുവരി പതിനാല് കലണ്ടറില്‍ ഇരുന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.വായനയും നടക്കില്ലന്ന് ഉറപ്പായി.പുസ്തകം അടച്ചുവച്ച് ഹണിയുടെ  മെയില്‍ വീണ്ടും തുറന്ന്‌ അതിലൂടെ കണ്ണോടിച്ചു.

          "ചേച്ചി".... ഞാന്‍ കാത്തിരുന്നപോലെ തന്നെ ഹാരിസ് ഇന്ന് എന്നോട് പറഞ്ഞു.അവന്‍ എന്നെ ഭ്രാന്തമായി പ്രണയിക്കുന്നു എന്ന്.ഞാന്‍ അപ്പോള്‍ അവനോടു ചോദിച്ചു എന്നോടുള്ള സ്നേഹത്തിന്റെ അളവ് പറഞ്ഞുതരാന്‍ കഴിയുമോ എന്ന്.അവന്‍ പറഞ്ഞു പെയ്തൊഴിയുന്ന ഓരോ മഴതുള്ളിയിലും അവന്റെ സ്നേഹമാണ് എന്ന്,ആകാശത്തിലെ നക്ഷത്രങ്ങള്‍ ചൊരിയുന്ന പ്രകാശം മുഴുവനും അവനു എന്നോടുള്ള പ്രണയമാണെന്ന്,ആര്ത്തിരബുന്ന കടലിലെ ഓരോ തിരമാലയിലും അവന്റെ സ്നേഹമാണെന്ന്.ഒടുവില്‍ അവന്‍ എന്നോട് ചോദിച്ചു എനിക്ക് അവനോടുള്ള സ്നേഹത്തിന്‍റെ അളവ് എത്രയെന്ന്?ഞാന്‍ എന്താകും അവനോടു പറഞ്ഞിട്ടുണ്ടാവുക?ചേച്ചിക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടോ?ചിന്തിച്ചു തല പുണ്ണാക്കേണ്ട ഞാന്‍ തന്നെ പറയാം.എന്റെ വലതു കരം ചുരുട്ടിപ്പിടിച്ചുകൊണ്ട്‌ ഞാന്‍ അവനോടു പറഞ്ഞു ദാ.........ഇത്രയും എന്ന്.അതുകണ്ട് വിഷാദത്തോടെ ഒന്നും മിണ്ടാതെ എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയും മുന്നേ അവന്‍ നടന്നകന്നു.ഞാന്‍ മുറുക്കിപ്പിടിച്ചിരുന്നത് എന്റെ ഹൃദയമായിരുന്നു എന്ന് എന്നെങ്കിലും അവന്‍ തിരിച്ചറിയുമോ?മനസ്സ് വല്ലാതെ അസ്വസ്തമായിരിക്കുന്നു.ബാക്കിവിശേഷം അടുത്തതില്‍ പറയാം ചേച്ചി.ഹാപ്പി വലെന്റയിന്‍സ്‌ ഡേ....ലവ്ഇങ് ഹണി.

        പാവം കുട്ടി ...വലെന്റയിന്‍സ്‌ ഡേ ...പ്രണയിക്കാന്‍ ഒരുദിനം എല്ലാപേരെയും പോലെ അവളും അങ്ങനെ വിശ്വസിച്ചിരിക്കുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാരിയമില്ല.അനുഭവങ്ങളാകാം അങ്ങനെ ചിന്തിപ്പിക്കുന്നത്. അറിയാതെയാണെങ്കിലും   എന്റെ മനസും,ശരീരവും പ്രണയത്തിനു അടിയറവു വച്ചതും ഒരു വലെന്റിന്‍സ്‌ ഡേയില്‍ ആയിരുന്നില്ലേ.
        അന്ന് ഞാനും എന്റെ പ്രിയപെട്ടവന്റെ നെഞ്ചില്‍ മുഖംച്ചേര്‍ത്തുവച്ച്  പതിയെ ഇതുപോലെ ചോദിച്ചിരുന്നില്ലേ..?എന്നെ ശരിക്കും ഇഷ്ടമാണോ?എന്നോടുള്ള സ്നേഹത്തിന്‍റെ അളവ് പറഞ്ഞുതാ എന്ന്.അതിനു മറുപടി പറയാതെ അവനില്‍ പ്രണയം ഉണര്‍ത്തിയ അവനു ഇഷ്ടമുള്ള എന്റെ കണ്ണുകളില്‍ അമര്‍ത്തി ച്ചുംബിക്കമാത്രമാണ്‌ അവന്‍  ചെയ്തത്. പ്രണയത്തിന്റെ ആഴം ആ ചുംബനത്തിലൂടെ മനസിലായെങ്കിലും ഒന്നും മിണ്ടാതെ അലസമായി ആ മടിയില്‍ തലചായ്ച്ചു കിടന്ന ഞാന്‍ പരിഭവിച്ചു എന്ന് കരുതിയാണോ എന്തോ പിന്‍കഴുത്തില്‍ വീണുകിടന്ന എന്റെ മുടിയിഴകള്‍ മാടിയൊതുക്കി അവന്റെ  വിരലുകള്‍ കൊണ്ട് ഐ ലവ് യു എന്ന് എഴുതികൊണ്ടെയിരുന്നു.എന്നിട്ടും ഒന്നും മിണ്ടാതെ മനസിലാകാത്ത ഭാവത്തില്‍ കിടന്ന എന്നോട് പതിയെ അവന്‍ ചോദിച്ചു.ഞാന്‍ ഈ എഴുതികൊണ്ടിരിക്കുന്നത് എന്താണെന്നു നിനക്ക് മനസിലാകുന്നുണ്ടോ?ഊറിവന്ന മന്ദസ്മിതം ഒളുപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു ഓ...... അത് കളവാണ് എന്ന് എനിക്കറിയാം.അപ്പോള്‍ അവന്‍ പറഞ്ഞു നിനക്കറിയാമോ ഇന്ന് വാലെന്റൈന്‍സ്‌ ഡേ ആണ്.അങനെ ഞങള്‍ ഒന്നായ  ആ ദിവസത്തെ ഞാനും പ്രണയിച്ചുതുടങ്ങി.

      പക്ഷെ ..............എന്നിട്ടും ആര്‍ക്കാണ് കണക്ക്കൂട്ടലുകള്‍  പിഴച്ചത്?.മറ്റൊരു വലെന്റിന്‍സ്‌ ഡേയ്ക്ക് കാത്തുനില്‍ക്കാതെ എവിടെയാണ് അവന്‍ പോയ്‌ മറഞ്ഞത്?.ആവേശത്തോടെ എന്നില്‍ പടര്‍ന്ന്കയറാന്‍ തുടങ്ങിയ അവനെ തടഞ്ഞപ്പോള്‍ പ്രണയത്തിനു പരിധി നിശ്ചയിച്ചാണ് നീ എന്നെ പ്രണയിക്കുന്നതെങ്കില്‍ ഈ പ്രണയം നമുക്ക് ഇവിടെ അവസാനിപ്പിക്കാം എന്ന് പരിഭവംപറഞ്ഞ്  പോകാന്‍ തുടങ്ങിയ അവനെക്കാള്‍ വലുതല്ല എനിക്ക് എന്റെ ശരീരം എന്ന് കരുതി അടിയറവ്‌ വച്ചപ്പോള്‍ എന്നെ ഒരു അഭിസാരികയായി കരുതിയോ  അവന്‍?.അതോ എന്റെ കണ്ണുകളില്‍ കണ്ട പ്രണയം  ശരീരത്തില്‍ ദര്‍ശിക്കാന്‍ അവന് കഴിഞ്ഞില്ലേ?.അതോ മനസ്സില്‍ നിറഞ്ഞു തുളുമ്പിയ പ്രണയം വാക്കുകളായി പറയാന്‍ കഴിയാതെ അടുത്ത് വരുമ്പോഴൊക്കെ  അവനെ പിച്ചയും,മാന്തയും ചെയ്യുന്ന എന്നെ അവന്‍ എപ്പോഴും ചോദിക്കുന്നപോലെ ഒരു സാടിസ്റ്റ്‌  ആയി മാത്രമേ കണ്ടിരുന്നുള്ലോ?.പിച്ചലിനും,മാന്തലിനും ഒടുവില്‍ പാവത്തിന് വേദനിച്ചു കാണുമോ എന്നോര്‍ത്ത് ഒരായിരം ഉമ്മകള്‍ കൊണ്ടാവനെ മൂടിയത് എന്തേ അവന്‍ മറന്നു പോയ്‌......?.എന്റെ ശ്വസനിശ്വാസങ്ങള്‍ ഒരിക്കലെങ്കിലും ശ്രെദ്ധിച്ചിരുന്നെങ്കില്‍ അറിയാന്‍ കഴിയുമായിരുന്നില്ലേ അതില്‍ മുഴുവന്‍ നീ ആയിരുന്നു എന്ന്.

      ഇനി ഒരു തിരിച്ചുവരവ്‌ ഒരിക്കലും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നിട്ടും ആ വലെന്റിന്‍സ്‌ ഡേയില്‍ നീ അറിയാതെ എനിക്ക് സമ്മാനിച്ച ചുവന്നുതുടുത്ത പനിനീര്പൂവ്‌ നെഞ്ചോട്‌ ചേര്‍ത്ത്‌പിടിച്ചു ഞാന്‍ ഇന്നും ജീവിക്കുന്നു.കാരണം ആ പനിനീര്പൂവ് എന്റെ പ്രണയമാണ്.......നിന്റെ രക്തവും..!

                                                                                 
------------------------------------------ Razla Sahir--------------------------------------------

Monday, September 10, 2012

മേഘ നൊമ്പരം


മേഘ നൊമ്പരം 



പുനര്‍ജനി ഏകാതെ എന്‍ ഉടലില്‍
ചിരാതുകള്‍ കൊളുത്തിയ
താരകങ്ങളെ പ്രണാമം.

കോപാഗ്നിയില്‍ ദിനവും എന്ന്നെ എരിക്കുന്ന
സുവര്‍ണ്ണ സൂര്യനും പ്രണാമം.

എന്‍ വര്‍ണ്ണചിത്രങ്ങള്‍ തച്ചുടച്ച്
എന്കുളിര് കവര്‍ന്ന
കാറ്റിനും പ്രണാമം.

പാതിരാവില്‍ എന്നെ തലോടി മയക്കിയ
നീല നിലാവിനും പ്രണാമം.

എന്‍ ഹൃദയഭിത്തി തുരന്നു  പറന്ന
പറവകള്‍ക്കും പ്രണാമം.

എന്‍ കരിനിഴല്‍  തണലില്‍
പീലി വിരിച്ചാടിയ
മാ മയിലുകള്‍ക്കും പ്രണാമം.

എന്‍ നെഞ്ച് പിളര്‍ത്തിയ
മിന്നല്‍ പിണറിനും പ്രണാമം.

എന്‍ ആര്‍ത്തനാദം ഭയന്ന്
കര്‍ണപടം മറച്ചവര്‍ക്കും പ്രണാമം.

എന്‍ കണ്ണീരോഴുക്കിനെ
പേമാരിയെന്നുരച്ചവര്‍ക്കും
പ്രണാമം,പ്രണാമം,പ്രണാമം.....

---------------------------------------Razla Sahir-----------------------------------------

പ്രവാസി...

                                       പ്രവാസി

           പ്രവാസത്തിന്റെ മനംമയക്കുന്ന വര്‍ണ്ണ  കാഴ്ചയും,പച്ചയായ നേര്‍കാഴ്ചയും ദുരന്തങ്ങളുടെ കാണാകയങ്ങളുമൊക്കെ  മത്സരമെന്നോണം ചാനലുകള്‍ സംപ്രേഷണം ചെയ്യുമ്പോഴും നാട്ടിലുള്ള ഒരു ശരാശരി മലയാളി അത് ഉള്ക്കൊ
ള്ളുന്നുണ്ടോ?
               .ഇല്ല ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ എന്ന് പറയുംപോലെ അടുത്ത ചാനലിലേക്ക് ഉള്ള യാത്രക്കിടയില്‍ റിമോട്ടില്‍ വിരല്‍അമര്ന്നുയരുന്ന അത്രസമയം മാത്രം തങ്ങി നില്ക്കുന്ന വേദന മാത്രമാണ് അവര്ക്ക് പ്രവാസിയുടേത്.അവരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പ്രവാസിയുടെ രൂപഭാവങ്ങള്ക്ക് വലിയ മാറ്റങ്ങള്‍ ഒന്നും ഇപ്പോഴുംവന്നിട്ടില്ല.കറുത്ത കൂളിംഗ് ഗ്ലാസ്സും, നാഭികുഴി  വരെ നീണ്ട
കഴുത്തിലെയും ,കയ്യിലെയും സ്വര്‍ണ്ണ  ചങ്ങലയും,റാഡോ വാച്ചും ഒക്കെ
ഡയമണ്ടിനും, പ്ലാറ്റിനത്തിനും, ഗള്‍ഫ് ഗേറ്റ്നും, മൊബൈലിനുംമൊക്കെ വഴിമാറി എന്നതൊഴിച്ചാല്‍ നോട്ടുകെട്ടുകള്‍ വാരികൂട്ടി കടല്‍ കടന്ന്‍  എത്തുന്ന എന്തും സാധിപ്പിക്കാന്‍ കഴിവുള്ള കുപ്പിയിലെ ഭൂതം തന്നെയാണ് അവര്ക്ക്പ്രവാസി.
        ഇപ്പോഴും. ചോരയും,നീരും നല്കി് വളര്ത്തിവ വലുതാക്കി വാര്ധനക്യത്തില്‍ഒറ്റപ്പെട്ടുപോകുന്ന തന്റെ മാതാപിതാക്കളെ അവരുടെ  അവശതയില്‍ നെഞ്ചോട്പിടിക്കാന്‍ ആഗ്രഹിക്കുമ്പോഴും നിസ്സഹായനായി നില്കേണ്ടിവരുക, പ്രിയപ്പെട്ടവരുമായുള്ള നഷ്ടപെടുന്ന വിലപെട്ട നിമിഷങ്ങള്‍, ഒരുനോക്ക്കാണാന്പോലും കഴിയാതെയുള്ള പ്രിയപ്പെട്ടവരുടെ അകാലവേര്പാകടുകള്‍,കുറ്റപ്പെടുത്തലുകള്‍, ഇതൊക്കെ അവന്റെ ഹ്രദയം
തച്ചുടക്കപ്പെടുമ്പോള്‍ ഉറ്റവരുടെ സാന്ത്വനമോ,തലോടാലോ ഇല്ലാതെ ഒക്കെ
സ്വയം കടിച്ചമര്ത്താന്‍ വിധിക്കപ്പെട്ട ഹ്രദയം പൊട്ടിയുള്ള അവന്റെ
നിശബ്ദ് വിലാപങ്ങള്‍ മാത്രം ആരും കേള്‍ക്കാറില്ല. പ്രവാസത്തിന്റെ നീണ്ടയാത്രക്കിടയില്‍ ചിലര്ക്കു മാത്രം നേടാന്‍ കഴിയുന്ന സമ്പന്നതക്കൊടുവില്‍അവന്റെ തീരാനഷ്ടങ്ങളും,പൊലിഞ്ഞുപോയ സ്വപ്നങ്ങളും,നിശബ്ദ ഗദ്ഗദങ്ങളുംമാത്രം ബാക്കിയാകുന്നു.
അപ്പോഴും നാട്ടിലുള്ളവരുടെ കണ്ണില്‍ എത്തി പിടിക്കാന്‍ കഴിയാത്ത
ഉയരത്തില്‍ പറന്നു പൊങ്ങികൊണ്ടേ ഇരിക്കുന്ന തിളക്കമാര്ന്ന് ചിറകുകളുള്ളഒരു വര്ണ്ണന പട്ടം പോലെയാണ് പ്രവാസി.എന്നാല്‍ ഓരോപാവംപ്രവാസിയും കെട്ടുകളാല്‍ബന്ധിക്കപ്പെട്ടു ആരുടെയൊക്കെയോ ഇഷ്ടത്തിനു പറത്തപ്പെടുമ്പോഴുംകെട്ടുപൊട്ടി പോയാല്‍ വീണ് പോയേക്കാവുന്ന ഗര്‍തവും,താഴെവീണാല്‍വെയിലേറ്റു വാടികരിഞ്ഞ ചിറകുകള്‍ ആണ് ഉയരത്തില്‍ പറന്നപ്പോതിളങ്ങിയിരുന്നത് എന്ന് തിരിച്ചറിഞ്ഞ് തന്നെ നോക്കി പരിഹസിക്കാന്‍ഓടിയടുക്കുന്ന ആള്കൂട്ടവും അവനെ എപ്പോഴും ഭയചികിതനാക്കുന്നുണ്ട് എന്നുംതാഴെനില്ക്കുന്നവര്‍ അറിയാറില്ലെന്ന് മാത്രം……


------------------------------------------------Razla Sahir-------------------------------------------------

സുവര്‍ണ്ണപക്ഷി



സുവര്‍ണ്ണപക്ഷി

                                            വര്‍ണ്ണ ചിറകുകള്‍ വിടര്‍ത്തി ആകാശത്തിന്റെ നീലിമയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ചിറകടി ഒച്ചയുമായി പറന്നുയരുന്ന തന്റെ കൂട്ടുകാരെ അഴികള്‍ക്കിടയിലൂടെ നിസ്സഹായയായി കൊതിയോടെ ഉറ്റുനോക്കി കരയുന്ന പാവം പക്ഷിയുടെ നിശബ്ദ തേങ്ങലുകള്‍ കലപിലാ ആരവങ്ങള്‍ക്കിടയില്‍ ആരും കേട്ടില്ല.


                                                 മനോഹരമായ തന്റെ വര്‍ണ ചിറകുകള്‍ കണ്ടു മോഹിച്ച് കെണിവച്ചു തന്നെ സ്വന്തമാക്കിയ യജമാനന്‍ കൂട്ടിലടക്കും മുന്നേ, അരിഞ്ഞുകളഞ്ഞ തന്റെ ചിറകിന്റെ മനോഹാരിത നഷ്ടപ്പെട്ട് അത് ദുര്‍ബലമായിരിക്കുന്നു. മോഹങ്ങളുടെ വര്‍ണങ്ങളുമായി മുള പ്പൊട്ടിവരുന്ന തൂവലുകള്‍ വീണ്ടും അരിയ പ്പെടാതിരിക്കാനായി പാവം പക്ഷി പോഴിച്ചുകൊണ്ടേയിരുന്നു. തളര്‍ന്നുമയങ്ങിയ രാത്രികളില്‍ ഒന്നില്‍ ചന്ദന സുഗന്ധം തന്നെ മൂടുന്നതറിഞ്ഞു ഉണര്‍ന്നുനോക്കിയ അവള്‍ കണ്ടത് അഴികള്‍ക്കിടയില്‍ അള്ളി പിടിച്ചു കിടന്നുകൊണ്ട്നനുത്ത തൂവലുകളാല്‍ മുറിച്ചു മാറ്റപ്പെട്ട തന്റെ ചിറകുകളില്‍ തലോടുന്ന ഒരു സുവര്‍ണ്ണ പക്ഷിയെയാണ്.
                        
                                        ഉടലാകെ സ്വര്‍ണ്ണവര്‍ണ്ണ മായിരുന്ന അതിന്റെ കണ്ണുകള്‍ വൈഡൂര്യം പോലെ തിളങ്ങുന്നുണ്ടായിരുന്നു.തന്റെ മുന്നിലൂടെ കടന്നു പോയ്കൊണ്ടിരുന്ന പക്ഷികൂട്ടങ്ങളിലോന്നും തന്നെ അത്തരം ഒരുപക്ഷിയെ അവള്‍ മുന്‍പ്‌ കണ്ടിരുന്നില്ല.അതിന്റെ തലോടല്‍ഏറ്റ തന്റെ ചിറകുകളില്‍ ജീവന്റെ തുടിപ്പ് കണ്ട് അത്ഭുതത്തോടെ തന്നെഉറ്റുനോക്കുന്ന അവളോട്‌ സുവര്‍ണ്ണ പക്ഷി പതിയെ ചോദിച്ചു അഴികള്‍ക്കിടയില്‍ തനിച്ചിരിക്കുമ്പോള്‍ നിനക്ക് പേടി തോന്നാറില്ലേ?നീലവിഹായസില്‍ വെയിലിലും മഴയിലും പറന്നു നടക്കാന്‍ നീ കൊതിക്കാറില്ലേ..?, പൊന്നുവിളയുന്ന പാടത്തും ,വര്‍ണ്ണങ്ങള്‍ വിരിയുന്ന താഴ്വരകളിലും പാറിനടക്കുന്ന കനവുകള്‍ കാണാറില്ലേ നീ...? 
     പറന്നുയരാന്‍ ചിറകുകള്‍ ഇല്ലാത്ത പക്ഷികള്‍ക്ക്അത്തരം സ്വപ്നങ്ങളും, മോഹങ്ങളും കാണാറില്ലെന്ന് ഗദ്ഗദത്തോടെ പറഞ്ഞ അവളെ നോക്കി സുവര്‍ണ്ണ പക്ഷി പറഞ്ഞു.
             
                                                              "നഷ്ടപെട്ട ചിറകുകളെ ഓര്‍ത്ത്‌ നീ സങ്കടപ്പെടേണ്ട നിനക്ക് ചിറകുകള്‍ വേണ്ട .. നിന്റെ ഭാരം താങ്ങാന്‍ എന്റെ ചിറകുകള്‍ക്ക് ശക്തിയുണ്ട്. പതിയെ ഞാന്‍ അത് നിനക്ക് പകര്‍ന്നുതരാം... അപ്പോള്‍ അരിയപ്പെട്ട നിന്റെ ചിറകുകള്‍ പുനര്‍ജനിക്കും. വര്‍ണ തൂവലുകള്‍ വീണ്ടും നിന്നെ പൊതിയും . സ്വപ്നം കണ്ട താഴ്വരകള്‍ ലക്ഷ്യമാക്കി നമുക്ക് പറന്നുയരാം നിഴലായി ഞാന്‍ കൂടെയുള്ളപ്പോ നിന്റെ ചിറകുകളുടെ ശക്തി ഒരിക്കലും നഷ്ടപെടില്ല" എന്നുപറഞ്ഞു അവളുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ കൂടുതുറന്നു അവളെ വാരിയെടുത്തു കൊണ്ട് അപ്പോഴേക്കുംസുവര്‍ണ്ണ പക്ഷി പറന്നുയര്‍ന്നിരുന്നു.

                                     തന്റെ സുവര്‍ണ്ണ പക്ഷിയുടെ മാറില്‍ പറ്റി ചേര്‍ന്ന്തിരിച്ചുകിട്ടാന്‍ പോകുന്ന വര്‍ണ്ണ തൂവലുകള്‍ മാത്രം സ്വപ്നം കണ്ട് അനന്ത നീലിമയുടെഉയരങ്ങളിലെക്കവര്‍ കുതിക്കവേ ചിറക് അരിയപെടുന്ന മറ്റൊരു പാവം പക്ഷിയുടെ ദീനരോദനം അങ്ങ് താഴെ കേള്‍ക്കുന്നുണ്ടായിരുന്നു ..!!

-----------------------------------------------Razla Sahir----------------------------------------------------