Thursday, December 6, 2012

കാത്തിരിപ്പ്‌ ....









നീ ..ഒരുമാത്ര നോക്കിയില്ല.....
പാല്‍ പുഞ്ചിരി തൂകിയില്ല....
തേന്‍ മൊഴികള്‍ ചൊല്ലിയില്ല ....
ഈരടികള്‍ ഉതിര്‍ത്തതില്ല....
ഹൃദയത്തിന്‍ തന്ത്രികളില്‍.......... .........
ശ്രുതിയൊന്നും മീട്ടിയില്ല....
എന്നിട്ടും ഞാനറിയാതെ
നീയെന്‍ ജീവന്‍റെ താളമായി......
സ്വപ്നത്തിന്‍ വര്‍ണ്ണമായി.......

ഒരു നോക്ക് കാണുവാനായി
നാഴികകള്‍ കാത്തിരുന്നു.....
വഴിയരികില്‍ കാണുംനേരം
നിഴലായി ഞാന്‍ കൂടെ നടക്കും......
പലവട്ടം പതിയെ ചൊല്ലി....
നീയെന്‍റെ പ്രാണനെന്നു.....
എന്നിട്ടും ഒരുവട്ടം നീ.....
പിന്തിരിഞ്ഞു നോക്കിയില്ല......

ഒരു മൊഴി കേള്‍ക്കുവാനായ്.....
പഴങ്കഥകള്‍ ചൊല്ലി ഞാന്‍......
അരികത്തായ് കൂടവേ........
പണിയേറെയുണ്ടെന്നോതി.......
പതിയെ നീ നടന്നകന്നു .......

അകലെ നീ മറയും നേരം....
എന്ശ്വാസ നിശ്വാസത്തില്‍...
നീ മാത്രം നിറയുന്നു......
പ്രണയത്തിന്‍ ഉമിതീക്കുള്ളില്‍....
ഞാന്‍ നീറി പുകയുന്നു.......

നിന്‍ മനോവാടിയില്‍
ഒരു സിംഹാസനം എനിക്ക് വേണ്ട.........
നിന്‍ ജീവ സ്പന്ദനങ്ങള്‍
എനിക്കായ്  നീ നല്‍കിടേണ്ട........
മധുരത്തിന്‍ ചുംബനമലരുകള്‍...
എനിക്കായ് നീ പൊഴിച്ചിടേണ്ട.......
എന്‍ നെഞ്ചില്‍ എരിയും തീയില്‍...
തെളിനീര്‍ അത് പകര്‍ന്നിടേണ്ട..........
എന്‍ മിഴിയിലെ നോവിന്‍ മണികള്‍...
നിന്‍ വിരലാല്‍ തുടച്ചിടേണ്ട........

ഞാന്‍ നിന്നെ പ്രണയിക്കുന്നു....
എന്നുള്ളോരു നുണയതുമാത്രം.....
ഒരുവട്ടം മാത്രമായ്‌.....
എനിക്കായ് നീ നല്കിടാമോ ........?

ആ പൊളിവാക്കിന്‍ മധുരിമയെന്‍.... .
ഹൃദയത്തില്‍  സൂക്ഷിക്കാം.........
ഈ ജന്മം തീരുംവരെയും.....
നിന്നെ ഞാന്‍ പ്രണയിക്കാന്‍ .....

നീ ചോല്ലുന്നൊരു മൊഴിയിത് കേള്‍ക്കാന്‍
ഞാന്‍ ഇവിടെ കാത്തിരിക്കാം......
എന്ശ്വാസം നിലച്ചു ഞാന്‍....
ശവമഞ്ചം ഏറുവോളം.........


Razla Sahir

Saturday, November 17, 2012

നിദ്ര





നിദ്രയാണിന്നെനിക്കേറെ  ഇഷ്ടം 

നീല നിലാവും താരകകൂട്ടവും 

എന്നുമെന്‍ നിദ്രക്ക്‌ കാവലുണ്ട്  

നിദ്രയില്‍ ഞാന്‍ നെയ്യും സ്വപ്നങ്ങളില്‍ 

ആറടി മണ്ണിനിരുട്ടറ വിട്ടിട്ട് 

ചാരത്തണഞ്ഞെന്‍റെ  നോവുകള്‍ 

പുല്‍കിയുണക്കുമെന്നമ്മ യുണ്ട്  

  
പരിഭവം ചൊല്ലി കരയവേ

ചേര്‍ത്ത് പിടിച്ചെന്‍റെ

കണ്ണ് തുടയ്ക്കുന്ന

കണ്ടു  മറന്നൊരെന്‍

അച്ഛനും ഉണ്ടരികില്‍......

തല്ലുപിടിക്കുവാന്‍ ,കുപ്പിവള തരാന്‍

ദൂരെ മറഞ്ഞോരെന്‍ ഏട്ടനുണ്ട് ....

കിന്നാരം ചൊല്ലുവാന്‍

പലവഴി പോയവര്‍

തോഴരും ചാരെയുണ്ട്.....

സായന്തനത്തിന്റെ

സംഗീതമായി വന്ന്‍

എന്നുമെന്‍   പ്രണയത്തെ

പുല്കിയുണര്‍ത്തുന്ന

എന്‍പ്രിയ തോഴനും

ചേര്‍ത്ത് പിടിച്ച്  

എന്‍റെ കൂടെയുണ്ട്.....

എന്‍റെ കിനാവിന്‍റെ

ജാലക പാളിയില്‍

മുട്ടി വിളിക്കുമെന്‍

"നിദ്രയാണിന്നെനിക്കേറെയിഷ്ടം....

                                                                      Razla Sahir 





Sunday, November 11, 2012

ഞാന്‍ മഴ ....




മഴനൂല്  കൊണ്ടൊരു...
കുടില്  മെനയുവാന്‍
ഭൂമിയിലേയ്ക്ക് ഞാന്‍
ഊര്‍ന്നിറങ്ങീടവെ....

ഇഴപൊട്ടി വീഴുമെന്‍ ...
മഴനീര്‍ തുള്ളികള്‍ ....
വാരി പുണര്‍ന്നിട്ട്..... 

കോള്‍മയിര്‍ കൊള്ളിച്ചും ....
കോരിതരിപ്പിച്ചും.....
ചാര്‍ത്തഞ്ഞവന്‍   നീ.....
എന്നെന്‍ കാതില്‍
കാതരമായി മൊഴിഞ്ഞു ചിലര്‍....

കത്തി പടര്‍ന്നോരെന്‍
ദേഹിതന്‍ നൊമ്പരം...
തുലാവര്‍ഷ മാരിയില്‍
കഴുകി തുടച്ചെന്നു മറ്റു ചിലരോതി.........

സാഗരം തീര്‍ത്തൊരു മിഴിയിണ നിന്‍....  
നീര്‍ത്തുള്ളികള്‍ കൊണ്ട് മറച്ച്
എന്‍ മാനം കാത്തു നീ.....
എന്ന് വിതുമ്പി പറഞ്ഞു ചിലര്‍

ധിക്കാരിയായൊരു    പേമാരി
പോയെങ്കിലെന്ന്.... ചിലര്‍
ശാപവാക്കോതവെ......

ആറി തണുത്തോരെന്‍  സ്വപ്നങ്ങള്‍.... 
ആഴി തന്‍   നെഞ്ചത്തില്‍...
ആപതിചീടവേ.............

ഇഴപൊട്ടി വീഴുമെന്‍
മഴനൂലുകള്‍ക്കിടയില്‍
പൊട്ടാത്തോരിഴ തേടി...
മഴനൂല്‍ മെനയുന്നു
ഞാന്‍ ഇന്നും..........

      Razla Sahir







Tuesday, October 30, 2012

പാവ.........



പാവകള്‍‍ അവള്‍‍ക്കെന്നും ദൗര്‍ബല്യമായിരുന്നു.... എണ്ണമറ്റ പാവകള്‍  അവളുടെ മുറിയില്‍ നിറഞ്ഞിട്ടും പാവകള്‍ ‍ അവള്‍ വാങ്ങികൊണ്ടേയിരുന്നു . തലയാട്ടി ചെണ്ട കൊട്ടുന്ന ആനയുടെ മുഖമുള്ള പാവയും, തല കീഴ്മേല്‍‍ മറിയുന്ന പട്ടികുട്ടിയും ,മാറില്‍ പൂണൂലിട്ടു കുടവയര്‍ കാട്ടി ചിരിച്ചുകൊണ്ട് തലയാട്ടുന്ന നമ്പൂതിരിയുടെ പാവയും ഒക്കെ അവളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു......ചുവന്നു തുറിച്ച കണ്ണുകളും ,കൊമ്പന്‍ ‍ മീശയും ചോരയുടെ നിറമുള്ള കുപ്പായവുമണിഞ്ഞ്‌ തോക്കുചൂണ്ടി നില്‍ക്കുന്ന പട്ടാളകാരന്‍റെ പാവ .....പവകള്‍‍ക്കായി വാശിപിടിച്ചു കരയുമ്പോഴുള്ള അച്ഛന്‍റെ മുഖത്തെ ഓര്‍മ്മിപ്പിച്ചിരുന്നുവെങ്കിലും അതിനെയും  അവള്‍ക്കിഷ്ടമായിരുന്നു. മേഘക്കീറുകൾ  അടര്‍ന്നു വീണത് പോലുള്ള കരടിക്കുട്ടികൾ ഉമ്മകള്‍‍ കൊണ്ടവള്‍  മൂടിയിരുന്നു.


തുടുത്ത കവിളുകളും ,ചുവന്ന ചുണ്ടുകളും ,നീല കണ്ണുകളും ,സ്വര്‍ണ്ണതല മുടിയും  ഉള്ള  പാവകളോട് അവള്‍ക്ക് വല്ലാത്ത പ്രിയമായിരുന്നു. അത്തരം   പാവ‍കള്‍ ഉണ്ടായിരുന്നിട്ടും ഒരു സായാഹ്ന സവാരിക്കിടയില്‍ പാതയോരത്ത് ആരോ വലിച്ചെറിഞ്ഞുപോയ വെള്ളാരം കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ‍ വാര്‍ന്നോഴുകുന്ന പാവയെയും അവള്‍‍ കൂടെ കൂട്ടി......

ആ  പാവയുടെ കണ്ണുകള്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ കണ്ണുനീര്‍ തോരാനായി അതിനവള്‍ കഥകള്‍ പറഞ്ഞു കൊടുക്കുകയും,മാറിന്‍റെ ചൂട് നല്‍‍കി കൈക്കുളിലെ സുരക്ഷിതത്വത്തില്‍ ഉറക്കിയിരുന്നു,തന്‍റെ പ്രണയവും, മോഹങ്ങളും ,സ്വപ്നങ്ങളും അതിന്‍റെ ചെവിയില്‍ അവള്‍ ‍ മന്ത്രിച്ചിരുന്നു, ചുടു ചുമ്പനങ്ങളാല്‍ അതിന്‍റെ  ഉടലാകെ അവള്‍‍ മൂടിയിരുന്നു.........

എന്നിട്ടും അതിന്‍റെ കണ്ണുനീര്‍ തോരാത്തത് കണ്ട് കാരണം ആരാഞ്ഞ അവളോട്‌ പാവ പതിയെ പറഞ്ഞു...

"പാതയോരത്ത് എന്നെ വലിച്ചെറിഞ്ഞു കടന്നുപോയ ആള്‍ എന്‍റെ കരള്‍ കവര്‍ന്നെടുത്തിരുന്നു. ഇത് കണ്ണുനീരല്ല ആ  മുറുവില്‍ നിന്നുവരുന്ന കരള്‍പറിഞ്ഞ എന്‍റെ ചോരയാണ്" 

 പാവയുടെ വാക്കുകള്‍‍ കേട്ട്. തന്‍റെ പ്രിയപ്പെട്ട പാവയുടെ കണ്ണുനീര്‍‍ അവസാനിപ്പിക്കാനായി മൂര്‍ച്ചയേറിയ കഠാര കൊണ്ട് തന്‍റെ നെഞ്ചകം വെട്ടിപിളര്‍ന്ന്‍ കരള്‍ പുറത്തെടുത്തുകൊണ്ട്, അവള്‍ പറഞ്ഞു ഇതാ എന്‍റെ കരള്‍ ‍ നീ കരയാതിരിക്കാന്‍‍ ഇത് ‍ഞാന്‍  നിനക്കുതരാം ....എന്ന് പറഞ്ഞു കൊണ്ട് അവള്‍ ആ വെള്ളാരം കണ്ണുകളിലേയ്ക്ക് നോക്കവേ ആ കണ്ണുനീര്‍ നിലച്ചിരുന്നു....... പാവ അവളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് തെരുവോരതേയ്ക്ക് ‌ അകന്നുപോയി..................

******************************************  R A Z L A  S A H I R  *******************************************




Monday, October 15, 2012

ഒരു പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്


വിനുവേട്ടന്റെ ബി.പി യുടെ മരുന്ന് വാങ്ങാന്‍ഇറങ്ങിയതാ. ഈശ്വരാ എന്തൊരുതിരക്കാണ്  ഈ റോഡില്‍ .എപ്പോഴാണാവോ ഇനിവീട്ടില്‍ തിരിച്ചെത്താന്‍കഴിയുക.നാളെ പുലര്ച്ചയാണ്ഫ്ലൈറ്റ്. ചെന്നിട്ടുവേണം ഒക്കെഎടുത്തുവയ്ക്കാന്‍. ധൃതിപിടിച്ച് നടക്കുന്നതിനിടയിലാണ് ദൂരെ നിന്ന് നടന്നടുക്കുന്ന അയാളുടെ തീക്ഷ്ണമായ നോട്ടം എന്നില്‍ മാത്രമാണെന്ന് കണ്ടത്.ഉയര്‍ന്നുവന്ന അസ്വസ്ഥത മുഖത്ത് പ്രകടിപ്പിച്ച് അയാളെ സൂക്ഷിച്ചു നോക്കി കടന്ന് പോകാന്‍ തുടങ്ങവെയാണ് പ്രിയയാണോ എന്ന ചോദ്യവുമായി അയാള്‍ വഴി തടഞ്ഞ് നിന്നത്.


അയാളുടെ മുഖം ഓര്‍മ്മയില്‍ പരതി നോക്കുന്നതു തടഞ്ഞുകൊണ്ട്‌ അയാള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു പ്രിയ അല്ലെ?അതെയെന്ന്  തലയാട്ടവേ  അയാള്‍ വീണ്ടും തുടര്‍ന്നു.എന്നെ മനസ്സിലായോ ?ഇല്ല എന്ന് തെല്ല് ലജ്ജയോടെയുള്ള എന്റെ തലയാട്ടലില്‍നിന്നും അയ്യാളെ ഓര്‍മ്മിച്ചെടുക്കാന്‍ എനിക്ക് പെട്ടന്ന് കഴിയില്ലാന്ന് മനസിലാക്കിയാകും അയാള്‍ പറഞ്ഞു തുടങ്ങി..

ഞാന്‍ സാബു .സാബു എന്നുപറഞ്ഞാല്‍ ഒരുപക്ഷെ തനിക്കു പെട്ടന്ന് ഒരമ്മയുണ്ടാകണമെന്നില്ല. വിശദമായി തന്നെ പറയാം.എഞ്ചിനീയറിംഗ് കോളേജില്‍ ഉണ്ടായിരുന്ന സന്ദീപിന്‍റെ കൂട്ടുകാരന്‍ സാബു.

തലക്കുള്ളില്‍ ഒരു മിന്നല്‍ പിണര്‍ പഞ്ഞുപോയെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു .ഓ......സാബു................! പെട്ടന്ന്‍ മനസ്സിലായില്ല കേട്ടോ .അല്ലേലും പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കാണുന്നതല്ലേ? എന്നാലും അത്ഭുതമായിരിക്കുന്നു തനിക്കെങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറവും എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു!?

എന്റെ ചോദ്യത്തിന് നിസ്സംഗതയോടെ അവന്‍ പറഞ്ഞു. ഈ നഗരത്തില്‍ വരുമ്പോള്‍ നിന്നെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെല്ലോ..എപ്പോഴും ആള്കൂട്ടത്തിനിടയില്‍ നിന്റെ മുഖമുണ്ടോ എന്ന് അറിയാതെ പരതി പോകാറുണ്ട്. പിന്നെ നീയാണേല്‍ ചെറുതായി ഒന്ന് തടിച്ചു എന്നതൊഴിച്ചാല്‍ വലിയ മാറ്റമൊന്നും ഇല്ലതാനും. അതാകും പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ആ അതൊക്കെ പോട്ടെ നിനക്ക് സുഖമല്ലേ?പരസ്പരം കുടുംബ വിശേഷങ്ങള്‍ പങ്കുവച്ച് യാത്രപറഞ്ഞിട്ടും മറ്റെന്തെങ്കിലും അവനു എന്നോട് പറയാനുണ്ടോ എന്ന് ചോദിക്കും പോലെ അവന്റെ മുഖത്തേക്കുറ്റുനോക്കി ഒരുനിമിഷം നിശബ്ദം ഞാന്‍ നിന്നു .


സന്ദീപ്‌ അയാളെ പറ്റി ഇവനെന്താ ഒന്നും പറയാത്തത് അയാളെ പറ്റി അറിയാനുള്ള ആകാംഷ പൊന്തി വന്നുവെങ്കിലും മിണ്ടാതെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ എനിക്കുനേരെ വന്ന സാബുവിന്റെ ചോദ്യം കാലുകളെ തളര്ത്തികളഞ്ഞു.സന്ദീപിനെ പറ്റി നിനക്ക് ഒന്നും അറിയണ്ടേ? പ്രിയേ..ഇപ്പോഴും നിനക്ക് അവനോടു വെറുപ്പാണോ?ഇതിനുമാത്രം എന്ത് തെറ്റാ ആ പാവം നിന്നോട് ചെയ്തത്?നീ ചോദിച്ചില്ലെങ്കിലും അവനെ പറ്റി പറയാതിരിക്കാന്‍ എനിക്കാവില്ല.അതിനു വേണ്ടി മാത്രമാണ് നിന്നെ ഞാന്‍ തിരഞ്ഞിരുന്നത്. ആകാംഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കവെ വലിഞ്ഞുമുറുകുന്ന അവന്റെ മുഖഭാവം വാക്കുകള്‍ തൊണ്ടകുഴിക്കുള്ളില്‍ തന്നെ മൃതിയടക്കി. കുറച്ചു നേരത്തെ നിശബ്ധതക്കൊടുവില്‍ സാബു പറഞ്ഞുതുടങ്ങി.


സന്ദീപ്‌ അവന്‍ മരിച്ചു പ്രിയേ ...അന്ന് നമ്മള്‍ അവസാനം കണ്ടു പോയി ഒരുകൊല്ലം കഴിഞ്ഞിട്ടുണ്ടാകും പുലര്‍ച്ചെ ജോലിക്ക് പോകും വഴി പൊട്ടികിടന്ന ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്ക്‌ അടിച്ചതാണ്. മരിക്കുംവരെ അവന്റെ മനസ്സില്‍ നീ മാത്രമായിരുന്നു. മരിക്കുന്ന തലേന്നുകൂടി അവന്‍ നിന്നെപറ്റി പറഞ്ഞ് കുറെവിഷമിച്ചു. പ്രിയ എന്താടാ എന്റെ പ്രണയം മനസിലാക്കാതിരുന്നത്? അവള്‍ എപ്പോഴെങ്കിലുമൊക്കെ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ? നമുക്കത്രടം വരെ ഒന്ന് പോകാമായിരുന്നു.ദൂരെനിന്നെങ്കിലും എനിക്കവളെ ഒന്ന് കാണാന്‍തോന്നുന്നു എന്ന് . നല്ല പുളിച്ച തെറിയാണ് അന്ന് ഞാന്‍ അവനെ വിളിച്ചത്.രണ്ട് വര്ഷം പുറകെ നടന്ന് നിന്റെ ഇഷ്ടം പറഞ്ഞിട്ടും നിന്നെ ഇഷ്ടപെടാത്തത്പോട്ടെ എന്ന് വയ്ക്കാം,നീ പുറകെ നടന്ന് ശല്യം ചെയ്യുന്നു എന്ന് അങ്ങളയോട് പറഞ്ഞ് കൊടുത്തതും അവന്‍ കൂട്ടുകാരുമായി വന്ന് നമ്മളെ അടിച്ചുപതം വരുത്തിയതുമൊക്കെ ഇത്ര വേഗം നീ മറന്നു പോയോ?അന്ന് തല്ലു കൊണ്ടത്‌ നിനക്ക് മാത്രമല്ല എനിക്കും കൂടിയാണ് അത് നീ മറക്കരുത്.എന്നിട്ടും എത്ര റിസ്ക്‌ എടുത്താണ് എക്സാം കഴിഞ്ഞ് മടങ്ങും മുന്നേ അവളെ നമ്മള്‍ കണ്ടതും ആ കത്ത് കൊടുത്തതും.അതില്‍ നിന്റെ പ്രണയത്തിന്റെ ആഴവും,നൊമ്പരവും ഒക്കെ നീ എഴുതിയിരുന്നതല്ലേ?നിന്റെ ഫോണ്‍ നമ്പരും വച്ചതല്ലേ.അല്പം ദയയെങ്കിലും നിന്നോട് ഉണ്ടായിരുന്നെങ്കില്‍ ഇതിനിടയില്‍  ഒരിക്കലെങ്കിലും അവള്‍ നിന്നെ വിളിക്കുമായിരുന്നു.


ദുഷ്ടയാണ് അവള്‍ വര്ഷം ഒന്ന് കഴിഞ്ഞു എന്നിട്ട് ഇപ്പോഴും അവളുടെ വിളിയും കാത്തിരിക്കുന്നു വിഡ്ഢി. പ്രിയ ഇനി നീ അവളുടെ പേരുപോലും എന്നോട് മിണ്ടരുത്. നിശബ്ദനായി എല്ലാം കേട്ടിരുന്ന് വിഷാദത്തോടെ നടന്ന് നീങ്ങിയ അവനെ കണ്ടപ്പോള്‍ എന്തോ എന്റെ മനസ്സ് വല്ലാതെ പിടഞ്ഞുപോയി പതിവില്ലാത്ത വിധം....അവനെ സന്തോഷിപ്പിക്കാന്‍ ഞാന്‍ പുറകില്‍ നിന്ന് വിളിച്ചുപറഞ്ഞു നിനക്ക് നിര്‍ബന്ധമാണേല്‍ നമുക്ക് ഒന്നുകൂടി തല്ലുകൊള്ളാന്‍ പോകാം കേട്ടോടാ..അതുകേട്ട് അവള്‍ക്കുവേണ്ടി മരിക്കാനും ഞാന്‍ റെഡി,താങ്ക്സ് മച്ചു എന്ന് പറഞ്ഞ് എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നകന്ന അവന്റെ മുഖമാണ് എന്റെ മനസ്സിലിപ്പോഴും


പിറ്റേന്ന് പുലര്‍ച്ചെ എന്നെ തേടി വന്നത് അവന്റെ മരണ വാര്‍ത്തയാണ്.കാലങ്ങള്‍ ഒരുപാട് കടന്ന് പോയെങ്കിലും അവന്‍ നിന്നോട് പറയാന്‍ ബാക്കിവച്ചുപോയ നീ അറിയാതെ പോയ അവന്റെ സ്നേഹം എന്നേലും നിന്നെ അറിയിക്കണം എന്ന് എനിക്ക് തോന്നി.എപ്പോഴെങ്കിലും ഒരുനിമിഷം നീ അവനെ പ്രണയിച്ചാല്‍ ആത്മാവ് എന്ന് ഒന്നുണ്ടെങ്കില്‍ അതിനെല്ലാം അറിയാന്‍ കഴിയുമെങ്കില്‍ പാവം അവന്‍ സന്തോഷിച്ചോട്ടെ..അത്രയ്ക്ക് ജീവനായിരുന്നു അവനു നിന്നെ.

കവിള്‍ത്തടങ്ങളില്‍ വീണു ചിതറിയ നീര്‍മണികള്‍ തുടച്ച്.മരവിച്ചുപോയ ശരീരം വലിച്ചിഴച്ച് വീട് ലക്ഷ്യമാക്കി നീങ്ങവേ എനിക്കുപിറകില്‍ ബൈക്ക് ഇരമ്പിച്ച് ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമ സംഗീതമാണ് നീ..എന്ന് പാടി കുസൃതി ചിരിയുമായി  വന്നിരുന്ന സന്ദീപിന്‍റെ മുഖം മാത്രമായിരുന്നു മനസ്സില്‍......



                                                          Razla  Sahir

Thursday, October 11, 2012

പ്രണയം.............

ഒന്ന് പ്പെട്ടന്ന്‍ പോകൂ........ഒട്ടോകാരനോട് പറഞ്ഞ്‌ വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം 5.30 കഴിഞ്ഞിരിക്കുന്നു.ട്രെയിന്‍ കിട്ടുമോ എന്തോ....?.എന്റെ തിടുക്കം കണ്ടാകാം ഒട്ടോകാരന്‍ സ്പീഡ്‌ അല്പം കൂടിയെന്ന് തോന്നുന്നു.

ഹാവൂ.......സ്റേഷന്‍ എത്തി.പ്ലാറ്റ്ഫോമില്‍ ട്രൈയിന്‍ കിടപ്പുണ്ട്.ഭാഗ്യം തിരക്ക് കുറവാണ്.ജനലരികില്‍ നോക്കി തന്നെ സീറ്റ്‌ പിടിച്ചു.ഇടുങ്ങിയ ഹോസ്റ്റല്‍ റൂമിലും അവിടെനിന്നും ഒഫീസിലേക്കുമുള്ള ഈ പരക്കം പാച്ചിലിനിടയില്‍ നഷ്ടപ്പെടുന്ന സ്വകാരിയത.........ആ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ വല്ലപ്പോഴും വീട്ടിലേക്ക്‌ തനിച്ചുള്ള ഈ യാത്രകള്‍ വല്ലാത്ത ആശ്വാസമാണ്.പിന്നെ   യാത്രയില്‍ ആകെയുള്ള അസ്വസ്ഥത  ചായ,ചായേ............കാപ്പി... എന്ന മത്സരമെന്നോണം ഉള്ള ഇവറ്റകളുടെ വിളിയാണ്.അത് മറ്റുള്ളവരില്‍ ഉണര്‍ത്തുന്ന അസഹ്യത ഇവര്‍ അറിയുന്നില്ലേ? പണ്ടുമുതലേ ഇതാണല്ലോ ഇവരുടെ സ്റ്റൈല്‍ . ഇവര്‍ക്കെന്താ സ്റ്റൈല്‍  ഒന്ന് മാറ്റി വിളിച്ചുകൂടെ എന്ന്
ഇടയ്ക്ക്തോന്നും. കേള്‍ക്കുന്നവര്‍ക്കും ഒരു ചെയ്ജ്ജ് ഒക്കെ വേണ്ടേ.....?.


കത്തിയെരിയുന്ന നെഞ്ചിലെ തീ ഒളിപ്പിക്കാനെന്നവണ്ണം കാഴ്ചയിലുള്ള തൊക്കെ പിന്നിലേക്ക്‌ പായിച്ച് വീറോടെ മുന്നിലേക്ക്‌ കുതിക്കുന്ന തീവണ്ടിയെ ആശ്വസിപ്പിക്കാനെന്നവണ്ണം വീശുന്ന തണുത്ത കാറ്റിന്റെ കുളിര്‍മ മനസിലേക്കും,പിന്നെ അത് പതിയെ പതിയെ  എന്റെ ശരീരത്തേയും മരവിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അത് എന്നിലെ നിന്റെ ഒരമകള്‍ തൊട്ടുണര്‍ത്തി......നീ തൊടുമ്പോള്‍ മരവിപ്പിക്കുന്ന തണുപ്പ് മൂടുമത്രേ..ഫാസിലയാ അങ്ങനെ പറഞ്ഞത്. അവള്‍ക്ക് അതെങ്ങനെ അറിയാനാ..അല്ലെ?നീ അതിന് അവളെ തൊട്ടിട്ടില്ലെല്ലോ...എപ്പോഴാണ് ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയത്? നീ അറിയുന്നുണ്ടോ എന്റെ ഈ ഭ്രാന്തമായ പ്രണയം....................

കുട്ടികാലത്ത് നിന്നെപറ്റി പറയുന്നത്‌ കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത ഭയമായിരുന്നു. ബഷീര്‍ മാമയുടെ വീട്ടില്‍ വന്നപ്പോഴായിരുന്നു നീ  എന്റെ ഏറ്റവും അടുത്ത് വന്നത്. അത് ഒരു രാത്രിയില്‍ ആയിരുന്നു. അന്ന് ഞാന്‍ ഒരുപാടു കരഞ്ഞു. നീ എന്റെ അടുത്ത് വന്നാലോ എന്ന് പേടിച്ച്‌ പിന്നീടുള്ള എത്രയോ രാത്രികള്‍ ഞാന്‍ ഉറങ്ങാതിരിന്നിട്ടുണ്ട്. പിന്നെ കുറേ കാലങ്ങള്‍ നിന്നെ ശ്രെദ്ധിക്കാതെ കടന്നുപോയി.പിന്നെ മിനിയുടെ വീട്ടില്‍ നീ വന്ന അന്നുമുതലാണ് നിന്നെ ഞാന്‍ വീണ്ടും ശ്രദ്ധിച്ച് തുടങ്ങിയത്. മിനി അവള്‍ എന്റെ അത്ര  പ്രിയപ്പെട്ട കൂട്ടുകാരി  ആയിരുന്നു. പിന്നെ പിന്നെ നിന്നെ പറ്റി ആളുകള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി. എത്ര എത്ര ഭാവങ്ങളാണ് നിനക്ക്...

പിന്നെ നീ അറിഞ്ഞോ......?എനിക്ക് നിന്നോടുള്ള പ്രണയം ഒരുദിവസം ഞാന്‍ ഉമ്മയോട് പറഞ്ഞു. ഒരു പൊട്ടിത്തെറി ആയിരുന്നു മറുപടി. നിന്നെ ഇഷ്ടപ്പെടാന്‍ മാത്രം എന്ത് കുറവാണ് എനിക്കവര്‍ വരുത്തിയത്‌ എന്നൊക്കെ പായാരം പറഞ്ഞു പാവം  ഉമ്മ കുറെ കരഞ്ഞു. പിന്നെ എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു ഞാനായി ഒരിക്കലും നിന്നെ തേടി വരില്ലാന്ന്. പിന്നൊരിക്കല്‍ ഉമ്മാമയോട് രഹസ്യമായി പറഞ്ഞു നിന്നോടുള്ള ഇഷ്ടം. എനികെന്താ അങ്ങനെ തോന്നാന്‍ എന്ന്.? അപ്പൊ ഉമ്മാമ പറയുക ഈമാന്റെ പൂര്‍ണത വന്നാല്‍ അങനെ തോന്നുമത്രേ... അഞ്ച് നേരം നിസ്കരിച്ചത് കൊണ്ട് മാത്രം അതുണ്ടാകുമോ? ഏയ്‌ .......ഇല്ല . ഹസ്സീനയോട് പറഞ്ഞപ്പോ അവള് പറയുക എനിക്ക് വട്ടാണെന്ന്. ഈ ലോകത്ത് ഒരാള്‍ക്കും നിന്നെ ഇഷ്ടപ്പെടാന്‍ കഴിയില്ലത്രേ. നീ പോയിട്ടുള്ളിട ത്തുഉള്ളവരെല്ലാം സ്നേഹത്തോടെയോ,സന്തോഷത്തോടെയോ നിന്നെ സ്വീകരിച്ചിട്ടില്ലെന്ന്.ആര് വേണേലും  എന്ത് വേണേലും പറയട്ടെ പക്ഷെ ഞാന്‍ നിന്നെ ഇപ്പോഴും ഭ്രാന്തമായി പ്രണയിക്കുന്നു. നിന്നില്‍ അലിഞ്ഞുചേരുന്ന ആ സുന്ദര നിമിഷത്തിനായി മാത്രമാണ് ഞാന്‍ കാത്തിരിക്കുന്നത്. ഇനിയും എത്രനാള്‍ എന്റെ ഈ കാത്തിരിപ്പ്‌ തുടരണം എന്നെനിക്കറിയില്ല.............

അയ്യോ.......രക്ഷിക്കണേ.....രക്ഷിക്കണേ....നിലവിളികളും . ആര്‍ത്തനാധങ്ങളുംമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.എന്താ ഇവിടെ? എന്തിനാ എല്ലാവരും നിലവിളിക്കുന്നത്? കാല് തറയില്‍ ഉറക്കുന്നില്ലെല്ലോ അയ്യോ ഒക്കെ കീഴ്മേല്‍ മറിയുകയണല്ലോ.ഒന്നും കാണാന്‍ പറ്റുനില്ലെല്ലോ.എങ്ങോട്ടാ ഈ പോണത്.ഇതെന്താ വെള്ളമാണല്ലോ.അയ്യോ നീ വരികയാണ്‌ അല്ലേ....ആ തിരിച്ചറിവില്‍ എന്റെ പ്രണയം ഉരുകിപോയല്ലോ.ഹസീന പറഞ്ഞത് നേരാ ആര്‍ക്കും നിന്നെ പ്രണയിക്കാന്‍ കഴിയില്ല.അയ്യോ എനിക്ക് പേടിയാകുന്നു...എന്റടുത്തു വരല്ലേ...പോ ദൂരെപോ.. ഉമ്മാ......ഉമ്മാ....റബ്ബേ റബ്ബേ.......

മരണത്തിന്റെ കൈകളില്‍നിന്നും രക്ഷിക്കണേ എന്ന അവളുടെ ആര്‍ത്തനാദം ആ നദിയുടെ ആഴങ്ങളില്ലെവിടെയോ മുറിഞ്ഞുപോയ്.............................
                          

********************റസ് ല  സാഹിര്‍*********************



Monday, October 8, 2012

ഇന്നലെ


----------------------------


കൂരിരുള്‍ മൂടിയ നാളെതന്‍ വീഥിയില്‍

യാത്ര പോയീടുവാന്‍ മോഹമാംമശ്വത്തെ

സ്വപ്നമാം തേരില്‍ ഞാന്‍ ചേര്‍ത്തുകെട്ടി

വീഥിതന്‍ ഓരത്ത്  കാത്തുനില്‍ക്കെ

കേട്ടു ഞാന്‍

പിന്നിലുയര്‍ന്നോരാരവത്തിനോപ്പമാ

പൊട്ടിച്ചിരികളും ,തേങ്ങി കരച്ചിലും

എന്തെന്നറിയുവാന്‍

പിന്‍യാത്ര ചെയ്യവേ കണ്ടു ഞാന്‍

ദീപപ്രഭയാല്‍ തെളിഞ്ഞൊരു വീഥിയും

പാര്‍ശ്വങ്ങളില്‍ പരിചിത മുഖങ്ങളും,ദേശങ്ങളും

കണ്ണുനീര്‍ പുഴ നീന്തി കടന്നു ഞാന്‍

 കൌമാര സ്വപ്നത്തിന്‍ ആല്‍മര ചോട്ടിലെന്‍

പ്രണയത്തെ തിരയവേ കണ്ടു ഞാന്‍

പൊട്ടിതകര്‍ന്നോരെന്‍ കുപ്പിവളകളും

വാടികരിഞ്ഞോരാ പ്രണയപുഷ്പങ്ങളും

പിന്നോരാത്മാവിന്റെ തേങ്ങി കരച്ചിലും

പിന്നെയും കാഴ്ചകള്ക്കിടയിലൂടെപ്പോഴോ

ഞാനെന്റെ വീട്ടിന്റെ ഉമ്മറതിണ്ണയില്‍

താരാട്ടിന്‍ ഈണത്തില്‍ പിച്ചവച്ചീടുമെന്‍

ബാല്യത്തെ പുല്‍കുവാന്‍ ഓടി അടുക്കവേ

നിത്യ മരീചികയാകുമാ...

ഇന്നലെയാണതെന്ന സത്യത്തില്‍

നളെയിലേക്ക് ഞാന്‍ യാത്രയായി.....


***************** R A Z L A     S A H I R *******************








Tuesday, October 2, 2012

നിഴല്‍……………………………

   
പകലുകളെ വല്ലാതെ ഭയന്ന് തുടങ്ങിയിരിക്കുന്നു.അവള്‍ നടത്തത്തിന്റെവേഗം കൂട്ടികൊണ്ട് തിരിഞ്ഞുനോക്കി അതെ കറുത്തിരുണ്ടരൂപം തന്റെ തൊട്ടുപിന്നില്‍ തന്നെയുണ്ട്.ഇപ്പോഴും വ്യക്തമായികാണാന്കഴിയുന്നില്ല.എന്തിനാണ് ഭയപ്പെടുത്തികൊണ്ട് രൂപം എന്നെ ഇങ്ങനെ പിന്‍തുടരുന്നത് ആരാണ് അത് ……………………..? 

ജന്നല്‍ പാളികള്ക്കിടയിലൂടെ കറുത്തിരുണ്ട രൂപം തന്നെ  തേടി വരുന്നുണ്ടോ എന്ന് നോക്കി തീര്ക്കുന്ന  രാവുകള്നയനങ്ങളിലെ നിദ്രയെ എന്നോമായ്ച്ചു കളഞ്ഞിരിക്കുന്നു. കാതുകള്ക്കുള്ളിലെ   ഒരായിരം ചീവീടുകളുടെ മൂളല് ഇരുണ്ട രൂപം തന്റെ തൊട്ടു പുറകില്‍ തന്നെ ഉണ്ടെന്ന്‍ ഓര്‍മ്മപ്പെടുത്തുന്നു . എങ്ങനെയാണു എനിക്കിതില്നിന്ന്‍ ഒന്ന് രക്ഷപെടാന്‍ പറ്റുക?. രാത്രികള്അത് അവസാനിക്കാതെ ഇരുന്നെങ്കില്‍... ഈശ്വരാ.........നേരം പുലര്ന്നിരിക്കുന്നു. മോളെ കതകു തുറക്ക് .....നിന്നോട് കതക് തുറക്കാനാ പറഞ്ഞത് ....അല്ലേല്ഇത് ചവിട്ടിപൊളിക്കും . അമ്മയുടെ വിളിയൊച്ച ഒരായിരം കൊള്ളിമീനുകള്തലക്കുള്ളില്പായിച്ചുഎനിക്കിനി ആരില്നിന്നും രക്ഷപ്പെടാന്കഴിയില്ല. എന്നെ ഭയപ്പെടുതികൊണ്ടിരിക്കുന്ന കറുത്തിരുണ്ട രൂപത്തെ മറ്റാര്ക്കും കാട്ടി കൊടുക്കാന്എനിക്കിതുവരെ കഴിഞ്ഞിട്ടുമില്ല.എനിക്ക് ഭ്രാന്താനത്രേ...ഭ്രാന്ത്. ഇല്ല എനിക്ക് രക്ഷപ്പെടണം………
 
തനിക്കുപിന്നില്പതിയിരുന്നു തന്നെ ശ്വാസം മുട്ടിക്കുന്ന കറുത്തിരുണ്ട രൂപത്തില്നിന്നു രക്ഷപ്പെടാനായി അവള്‍ ‍കയര്‍ കഴുത്തില്‍മുറുക്കി താഴേക്ക്ചാടി....കാലുകള്‍ കൂട്ടിത്തിരുമ്മി,പ്രാണനുവേണ്ടിപിടയ്ക്കുമ്പോഴും തന്നെപോലെ തനിക്കുപിന്നില്പിടച്ചുകൊണ്ടിരിക്കുന്ന കറുത്തിരുണ്ട രൂപം തന്റെ നിഴല്‍ തന്നെ ആയിരുന്നു എന്ന് അപ്പോഴും അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല ………………………………

                     R Z L A   S A H I R

Wednesday, September 26, 2012

ആത്മ നൊമ്പരം .............



മരണം. അത് ഭീകരമാണ്. നിറവും ഗന്ധവുമൊക്കെ അതിനുണ്ടെന്ന് പ്രിയപ്പെട്ടവരുടെ മരണം നമ്മെ അറിയിക്കുന്നു.'അമ്മയെ കാണാന്‍ എന്റെ പൊന്നുമോള് വരുന്നില്ലേ' എന്ന ആര്‍ത്തനാദമാണ് എന്റെ കാതുകളില്‍...! ഞാന്‍ ചെല്ലുന്നതു കാത്തുനില്‍ക്കാതെ  അനന്ത നിദ്രയിലേക്കു പോയി, ചലനമറ്റു വെള്ളപുതച്ചുകിടക്കുന്ന അമ്മയുടെ രൂപമാണ് എന്റെ കണ്ണുകളില്‍. ആന്തരാത്മാവിനെപ്പോലും മരവിപ്പിക്കുന്ന തണുപ്പ്, അമ്മയ്ക്കു ഞാന്‍ നല്‍കിയ അന്ത്യചുംബനത്തിലൂടെ എന്റെ ശരീരത്തിലെ ചൂടിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഭയപ്പെടുത്തുന്ന ഏകാന്തത എന്റെ ചിന്താമണ്ഡലത്തെ ശൂന്യമാക്കിയിരിക്കുന്നു.

ആദ്യാക്ഷരം മുതല്‍ പലതും അറിഞ്ഞും അറിയാതെയും എന്നെ പഠിപ്പിച്ച എന്റെ അമ്മയുടെ മരണം പോലും നീറിപ്പിടയുന്ന ഓര്‍മപ്പെടുത്തലായി അവശേഷിച്ചു. പറഞ്ഞുകേട്ട പദങ്ങള്‍ക്കും മനസ്സിലാക്കിയതിനുമപ്പുറം പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തൊക്കെയോ ആണ് അമ്മ എന്ന് ഇന്നു ഞാന്‍ തിരിച്ചറിയുന്നു. കാരണം, തിരിച്ചു കിട്ടാത്തവിധം എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടിരിക്കുന്നു. മരണം അങ്ങനെയാണ്. കാണാമറയത്തേക്കു കൂട്ടിക്കൊണ്ടു പോകുമ്പോഴും പലതും കാട്ടിത്തരുന്നു. ജീവിതത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയിലും എന്റെയൊരു ഫോണ്‍വിളിയ്ക്കായ് കാതോര്‍ത്ത്, എന്റെ വരവിനായ് കാത്തിരിക്കുന്ന,ഞാന്‍ ചിരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന , എനിക്കു നോവുമ്പോള്‍  എന്നേക്കാള്‍ നോവുന്ന , ഞാന്‍ കരയുമ്പോള്‍  പൊട്ടിക്കരയുന്ന എന്റെ പ്രിയപ്പെട്ട അമ്മ.....

കാലത്തിന്റെ കുത്തൊഴുക്കിലെ ഭാവഭേദങ്ങളൊന്നുംമില്ലാതെ വാശിപിടിച്ചൊന്നു ചിണുങ്ങാനും, ചേര്‍ത്തുപിടിച്ചു വാത്സല്യത്തോടെ ഒരു ചോറുരുള വായില്‍ വെച്ചു തരാനും ഒന്നും കാതങ്ങള്‍ക്കുമപ്പുറം എന്റെ അമ്മയിനി ഇല്ലെന്ന തിരിച്ചറിവില് പിതാവിന്റെ വേര്‍പാടില്‍ ഞാന്‍ അറിയാതെപോയ, അമ്മയെന്നെ അറിയിക്കാതിരുന്ന അനാഥത്വംവും  ഇന്നു ഞാന്‍ തിരിച്ചറിയുന്നു .

ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള വീര്‍പ്പുമുട്ടലിലും ഇന്നെന്റെ ഞരമ്പുകളിലോടുന്ന ജീവരക്തം, മുലപ്പാലിന്റെ മാധുര്യത്താല്‍ എന്റെ നാവിലേക്കിറ്റിച്ചു തന്ന അമ്മ..! മരണം വരെ നെഞ്ചോടു ചേര്‍ത്തു പിടിക്കേണ്ട മാസ്മരികഗന്ധമുള്ള എന്റെ അമ്മയുടെ സുന്ദരമുഖവും ഓര്‍മകളും കാലത്തിന്റെ കുത്തൊഴുക്കിനു കാത്തുനില്‍ക്കാതെ മറവിയുടെ മൂടുപടം നിമിഷാര്‍ദ്ധത്തില്‍ എന്റെ തലച്ചോറിനെ ആവരണം ചെയ്യണേ എന്ന പ്രാര്‍ത്ഥനയുടെ പ്രേരണയില്‍ ഞാനറിയുന്നു, ഞാനും ഒരമ്മയാണെന്ന്.
*************************************Razla Sahir*******************************