Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, March 11, 2016

എന്റെ ഭാഷ


ഒഴുകും പുഴപോലെ ,വിടരും മലർപോലെ

ആടും മയിൽ പോലെ ,പൊഴിയും മഴപോലെ

എന്തെന്തു മോഹനം എന്റെഭാഷ ....

എൻഭാഷ എന്റെ അമ്മയാണ്

അമ്മിഞ്ഞപാൽ പോലെ  മധുരമാണ്

പണ്ഡിത ശ്രേഷ്ടനാം  തുഞ്ചത്തെഴുത്തച്ചൻ

മാമല നാടിനായ് നൽകിയ പുണ്യമലയാളമെന്റെ ഭാഷ 

ആഴിതൻ പരപ്പും ,ആഴവുമെന്നപോൽ

ഏറെ സമൃദ്ധമാണെന്റെ ഭാഷ

അക്ഷര മുത്തുകൾ കോർത്തുകെട്ടി

ഒട്ടേറെ ജ്ഞാനികൾ മാല കോർത്തു

എണ്ണി പറയുവാൻ കഴിയാത്ത താരകം പോലവ

നാടെങ്ങും  ശോഭ  പടർത്തിടുന്നു

ഒട്ടേറെയെങ്കിലും ചൊല്ലാതെ വയ്യല്ലോ

ഏറെ പുകൾപെറ്റ ചീരാമൻ തന്നുടെ രാമചരിതവും

ചെറുശ്ശേരി നൽകിയ കൃഷ്ണഗാഥയും

ബഞ്ചമിൻ ബെയ് ലിയും    ,ഗുണ്ടെര്ട്ടുസായിപ്പും

പിന്നെയും ഒട്ടേറെ പാശ്ചാത്യർ പോലുമേ

മലയാള പെരുമയിൽ കൂപ്പുകുത്തി

ഭാഷ വളർന്നാലെ നമ്മൾതൻ സംസ്കാരവും

വളരുകയുള്ളൂ എന്നറിയാത്തവർ ,

പച്ചപരിഷ് കൃതർ  സംസ്കാരശൂന്യർ ചിലർ

വൈകൃതമാക്കുന്നു ഇന്നെന്റെ ഭാഷയെ

എങ്കിലും ചിപ്പിക്കുളിലെ മുത്തെന്നതുപോലെ

അഷ്ട ദിക്കെന്പാടും  കീർത്തി പടർന്നിട്ട്

ശ്രേഷ്ഠ ഭാഷയായ് തീർന്നെന്റെ മാതൃഭാഷ

ഇനിയും വളരട്ടെ വാനോളമുയരട്ടെ

നമ്മൾതൻ ഭാഷയും സംസ്കാരവും

                                                                                 ****  Razla Sahir *****


(എന്റെ ഭാഷ എന്ന വിഷത്തിൽ ഒരു മത്സരത്തിനായ് എഴുതിയതാ .എങ്ങനെയുണ്ട് ? .സമ്മാനം കിട്ടിയോ എന്ന് ആരും ചോതിക്കണ്ട ഞാൻ പറയില്ല  =D..ഈ അനുമോദനങ്ങളും,ആദരിക്കലും ഒന്നും എനിക്ക് ഇഷ്ടമല്ല അതുകൊണ്ടാ പ്ളീസ് നിർബന്ധിക്കരുത്‌..)

Friday, March 20, 2015

ഉൾപ്രേരണകൾ .......



ബന്ധനങ്ങളുടെ ചങ്ങലകളിൽനിന്ന്
അടിച്ചമർത്തലുകളിൽനിന്ന്
പീഡനങ്ങളിൽ നിന്ന്
പരിഹാസങ്ങളിൽ നിന്ന്
ധാര്ഷ്ട്യങ്ങളിൽ നിന്ന്
അധികാര ഗർവ്വിൽ നിന്ന്
സമ്പന്നതയുടെ  ആർത്തിയിൽനിന്ന്
പകയുടെ ഒളിയമ്പുകളിൽനിന്ന്,
കാമാർത്തമായ  കണ്ണുകളിൽനിന്ന്
അനാഥത്വത്തിന്റെ ഒറ്റപ്പെടലിൽ നിന്ന്
നോവിന്റെ അഗ്നികുണ്ഡങ്ങളിൽനിന്ന്
തിരസ്കരണത്തിന്റെ പിടച്ചിലിൽ നിന്ന്
എല്ലാം അങ്ങ് ദൂരെ ......
ചക്രവാകങ്ങൾക്കപ്പുറം
എനിക്ക് അസ്തമിക്കണം.
അലയുടെ ആരവങ്ങൾ മാത്രംകേട്ട്
സായന്തനത്തിന്റെചുവപ്പ്
കണ്ണുകളിലേക്കാവാഹിച്ച്
ആഴിതൻ ഗർഭപാത്രത്തിൽ
ഒരു കുഞ്ഞു ബീജകണം പോൽ
മെല്ലെ പതിക്കണം
ചെറുമീനുകൾ എന്റെ മാംസം
കൊത്തിവലിക്കാൻ മത്സരിക്കട്ടെ
ഒടുവിൽശാപമോക്ഷം കിട്ടിയ
എന്റെ അസ്ഥികൾ ഓളപ്പരപ്പിൽ
ഒരു പൊങ്ങുതടിപോൽ ഒഴുകിനടക്കണം ....



റസ് ല  സാഹിർ
സലാല  

Monday, December 9, 2013

ഡിസംബര്‍ .....



പന്ത്രണ്ടു മാസങ്ങളില്‍ ഒടുവില്‍ മാത്രം 

വരാന്‍ വിധിക്കപ്പെട്ട് 

വിഷാദത്തിന്റെ മൂടുപടം  മഞ്ഞായ്‌ പുതച്ച് 

നിശബ്ദം വന്നെത്തുന്ന ഡിസംബര്‍ ..........

ചുട്ടുപൊള്ളുന്ന ഗ്രീഷ്മത്തിനപ്പുറം 

കാതരമായ് തഴുകി തണുപ്പിക്കാന്‍ 

വന്നെത്തുന്ന ഡിസംബര്‍..........

ഹൃദയ തന്ത്രികളില്‍ പതിയെ

പ്രണയം തൊട്ടുണര്‍ത്തുന്ന ഡിസംബര്‍..........

Friday, November 22, 2013

മൌന നൊമ്പരം ...


പുസ്തക താളുകള്‍ ഏറെ മറിച്ചും 

ചൊല്ലിപഠിച്ചും ,കുത്തിക്കുറിച്ചും

ഒട്ടേറെ വിദ്യകള്‍ ഹൃദ്യസ്ഥമാക്കി ഞാന്‍ .....

ശാസ്ത്രം പഠിച്ചു ,ഗണിതം പഠിച്ചു 

വെവ്വേറെ ഭാഷകള്‍ സ്വായത്തമാക്കി

ചരിത്രം പഠിക്കുവാന്‍ ഉലകം കറങ്ങി ഞാന്‍  

നൃത്തത്തിന്‍ മുദ്രയും,നടനത്തിന്‍ നാട്യവും ഏറെ പഠിച്ചു 

വേഷപകര്‍ച്ചയാല്‍ അരങ്ങത്താടിതകര്‍ത്തു ഞാന്‍ 

സപ്തസ്വരത്തിന്റെ മോഹനരാഗങ്ങള്‍

Wednesday, September 4, 2013

ഓണം...................



ഓണക്കോടിയുടുത്തും കൊണ്ട്

തുമ്പികള്‍ വരവായ്‌ .

പൂ തുമ്പികള്‍ വരവായ്‌

പൂക്കളം തീര്‍ക്കാന്‍ പൂമണം തൂകാന്‍ 

തുമ്പികള്‍ വരവായ്‌ .

ഓണ തുമ്പികള്‍ വരവായ്‌ 

പൂമണം തൂകും...  പൂക്കളനടുവില്‍

തുമ്പപൂവേണം .....തുമ്പപൂ വേണം ...

Tuesday, May 21, 2013

മയില്‍പീലി.....




പ്രണയത്തിന്‍ പല്ലവി പാടി നീ
ഒരു നാളെന്‍ അരികത്തെത്തി 
എന്നുള്ളില്‍ കുറുകിയ കിളിയത് മെല്ലെ 
മോഹത്തിന്‍ ചിറകു കുടഞ്ഞ്
അനുപല്ലവി പതിയെ പാടി .


സ്വപ്നത്തിന്‍ ചിറക് വിടര്‍ത്തി 
ഞാന്‍ വാനില്‍ ഉയരുംനേരം 
നിന്‍ ഓര്‍മ്മതന്‍ ആഴങ്ങളില്‍
എന്നോ നീയെന്നെയെറിഞ്ഞു 
കനമേറിയ ശിലയതുപോല്‍
ഞാനവിടെ ആണ്ടുകിടന്നു 
പല നാളുകള്‍യേറെ കഴിഞ്ഞു 
എന്‍ മാനസവാടിയിലും
ഞാന്‍ കോറിയ നിന്‍ചിത്രം
മാറാലകള്‍ പതിയെ മൂടി 


നിനയ്ക്കാത്തോരുനേരത്ത്
അനുവാദം ചോദിച്ച്
എന്‍ പടിവാതില്ക്കല്‍
പതിയെ നീ മുട്ടിവിളിക്കെ
ഞാന്‍ നല്‍കിയ പീoത്തില്‍
കോലാലയ ഓരത്ത്
ചിരിതൂകി നീ ചാരെയിരുന്നു 


ഈ വൈകിയ നേരത്ത്
ഇനി എന്നെ തേടുവതെന്തേ?
നീ നേടിയനേട്ടങ്ങള്‍
പരിഹാസമേമ്പൊടിയോടെ
എന്മുന്നില്‍ കാട്ടാനോ?
എന്‍ ജീവിത കോട്ടങ്ങള്‍
നിരയെണ്ണി അളക്കാനോ 
എന്നിങ്ങനെ പലചോദ്യം
എന്നുള്ളില്‍ നുരപൊന്തെ
ശേഷിക്കും നാളുകളില്‍ ഞാന്‍
മൌനത്തിന്‍ കച്ചപുതയ്ക്കാം 

ഹൃത്തിന്റെ താളോന്നില്‍ 
മയില്‍പീലിതുണ്ടതുപോലെ 
ഞാന്‍ നിന്നെ  ഒളിപ്പിക്കാം 
പൂമാനമത്  കാണാതെ 
മരണത്തിന്‍ മൂര്‍ദ്ധാവില്‍ 
ഞാന്‍പതിയെ ചുംബിക്കെ 
മയിലായ് ഞാന്‍ ജനിച്ചീടാം
മറുജന്മം നിന്‍ ഹൃത്തിന്‍ 
താഴ്വരയില്‍ ........


*********************റസ്ല സാഹിര്‍ ***************
***********************സലാല*******************


Tuesday, January 15, 2013

ചരമ കുറിപ്പ് .......

അക്ഷര മഴയെന്നില്‍  പെയ്തിറങ്ങിടവേ

ലൈലയായ്‌ മാറി ഞാന്‍ പ്രണയം പൊഴിച്ചു......

രാധയായ്‌ മാറി ഞാന്‍ വിരഹം കുറിച്ചു.........

രതിദേവിയെപ്പോല്‍  ഞാന്‍ കാമം രചിച്ചു ..........

പാതിവ്രത്യചോട്ടില്‍ സീതയായ്‌ മാറി ഞാന്‍ ..............

നങ്ങേലിതന്നുടെ വായ്ത്താരി ഓതി

അമ്മയായ്‌ മാറി ഞാന്‍ ........

കണ്ണകിയായ്‌  പ്രതികാര ജ്വാല പടര്‍ത്തി ഞാന്‍ ..........

ചതിതന്‍ കളങ്ങളില്‍ ശകുനിയെപോല്‍....
കരുക്കള്‍ നീക്കി ഞാന്‍ ............

രണാങ്കണത്തില്‍ അര്‍ജ്ജുനനെന്നപോല്‍
യോദ്ധാവായ് മാറി ഞാന്‍ ..........

ഒടുവിലായ് എന്നെ തിരഞ്ഞു ഞാന്‍ വാക്കിനായ്‌ പരതവേ....

ശേഷിച്ചതെന്നുടെ ചരമ കുറിപ്പ്‌തൊന്നു മാത്രമായ്...................


*********************************Razla Sahir***************************
********************************* Salalah *****************************










Thursday, January 10, 2013

ഒരു സോമാലിയന്‍ വിലാപം


-------------------------------------------------------

ഞങ്ങള്‍തന്‍ ദേശമാണ്
സോമാലിയ ......
ശവംതീനി പക്ഷികള്‍
പാറിപറക്കുന്ന
ജീവന്റെ സ്പന്ദനം
മെല്ലെ തുടിക്കുന്ന
ശവപറമ്പാണിന്നിവിടം

മജ്ജയില്ലാത്തവര്‍
മാംസമില്ലത്തവര്‍
എല്ലിനുമീതെയായ്‌
തോലുപുതച്ചവര്‍....

കണ്ണുനീരില്ലാത്ത
കണ്ണുകള്‍ ഉള്ളവര്‍
സ്വപ്‌നങ്ങള്‍ നെയ്യുവാന്‍
ത്രാണിയില്ലാത്തവര്‍

ഉച്ചത്തില്‍ കരയുവാന്‍
ഒച്ചയില്ലാത്തവര്‍
നാണം മറയ്ക്കുവാന്‍
ചേലയില്ലാത്തവര്‍

പശിയടക്കീടുവാന്‍
അന്നമില്ലാത്തവര്‍
അന്യര്‍തന്‍ അമേദ്യവും
മോദമായ്‌ ഭക്ഷിപ്പോര്‍

അമ്മിഞ്ഞപാല്‍ വറ്റിവരണ്ട
തന്മുലഞെട്ട് കീറി മുറിച്ചിട്ട് ....
ആചോര തന്നുടെ ഓമന
കുഞ്ഞിന്റെ  നാവിലേക്കിറ്റിച്ച്
പശിയടക്കീടുന്ന പാവാമാം
അമ്മമ്മാര്‍ ഉണ്ടിവിടെ .....

പശിയടങ്ങീടാതെ
തന്റെ പൊന്നുണ്ണികള്‍
മുന്നിലായ് പിടഞ്ഞു മരിക്കവേ
ദീര്‍ഘ നിശ്വാസത്താല്‍
ആശ്വസിച്ചീടുന്ന
താതരും ഉണ്ടിവിടെ .....

നാല്‍ക്കാലി പോലെയും
നാഗത്തെ പോലെയും
മെല്ലെയിഴയുന്ന
ഞങ്ങള്‍ തന്‍നാമവും
പാരിതില്‍ മര്‍ത്യ ജന്മങ്ങള്‍ .....

--------------------------------------Razla Sahir------------------------------------------------------
-----------------------------------------Salalah -------------------------------------------------------






Thursday, December 6, 2012

കാത്തിരിപ്പ്‌ ....









നീ ..ഒരുമാത്ര നോക്കിയില്ല.....
പാല്‍ പുഞ്ചിരി തൂകിയില്ല....
തേന്‍ മൊഴികള്‍ ചൊല്ലിയില്ല ....
ഈരടികള്‍ ഉതിര്‍ത്തതില്ല....
ഹൃദയത്തിന്‍ തന്ത്രികളില്‍.......... .........
ശ്രുതിയൊന്നും മീട്ടിയില്ല....
എന്നിട്ടും ഞാനറിയാതെ
നീയെന്‍ ജീവന്‍റെ താളമായി......
സ്വപ്നത്തിന്‍ വര്‍ണ്ണമായി.......

ഒരു നോക്ക് കാണുവാനായി
നാഴികകള്‍ കാത്തിരുന്നു.....
വഴിയരികില്‍ കാണുംനേരം
നിഴലായി ഞാന്‍ കൂടെ നടക്കും......
പലവട്ടം പതിയെ ചൊല്ലി....
നീയെന്‍റെ പ്രാണനെന്നു.....
എന്നിട്ടും ഒരുവട്ടം നീ.....
പിന്തിരിഞ്ഞു നോക്കിയില്ല......

ഒരു മൊഴി കേള്‍ക്കുവാനായ്.....
പഴങ്കഥകള്‍ ചൊല്ലി ഞാന്‍......
അരികത്തായ് കൂടവേ........
പണിയേറെയുണ്ടെന്നോതി.......
പതിയെ നീ നടന്നകന്നു .......

അകലെ നീ മറയും നേരം....
എന്ശ്വാസ നിശ്വാസത്തില്‍...
നീ മാത്രം നിറയുന്നു......
പ്രണയത്തിന്‍ ഉമിതീക്കുള്ളില്‍....
ഞാന്‍ നീറി പുകയുന്നു.......

നിന്‍ മനോവാടിയില്‍
ഒരു സിംഹാസനം എനിക്ക് വേണ്ട.........
നിന്‍ ജീവ സ്പന്ദനങ്ങള്‍
എനിക്കായ്  നീ നല്‍കിടേണ്ട........
മധുരത്തിന്‍ ചുംബനമലരുകള്‍...
എനിക്കായ് നീ പൊഴിച്ചിടേണ്ട.......
എന്‍ നെഞ്ചില്‍ എരിയും തീയില്‍...
തെളിനീര്‍ അത് പകര്‍ന്നിടേണ്ട..........
എന്‍ മിഴിയിലെ നോവിന്‍ മണികള്‍...
നിന്‍ വിരലാല്‍ തുടച്ചിടേണ്ട........

ഞാന്‍ നിന്നെ പ്രണയിക്കുന്നു....
എന്നുള്ളോരു നുണയതുമാത്രം.....
ഒരുവട്ടം മാത്രമായ്‌.....
എനിക്കായ് നീ നല്കിടാമോ ........?

ആ പൊളിവാക്കിന്‍ മധുരിമയെന്‍.... .
ഹൃദയത്തില്‍  സൂക്ഷിക്കാം.........
ഈ ജന്മം തീരുംവരെയും.....
നിന്നെ ഞാന്‍ പ്രണയിക്കാന്‍ .....

നീ ചോല്ലുന്നൊരു മൊഴിയിത് കേള്‍ക്കാന്‍
ഞാന്‍ ഇവിടെ കാത്തിരിക്കാം......
എന്ശ്വാസം നിലച്ചു ഞാന്‍....
ശവമഞ്ചം ഏറുവോളം.........


Razla Sahir

Saturday, November 17, 2012

നിദ്ര





നിദ്രയാണിന്നെനിക്കേറെ  ഇഷ്ടം 

നീല നിലാവും താരകകൂട്ടവും 

എന്നുമെന്‍ നിദ്രക്ക്‌ കാവലുണ്ട്  

നിദ്രയില്‍ ഞാന്‍ നെയ്യും സ്വപ്നങ്ങളില്‍ 

ആറടി മണ്ണിനിരുട്ടറ വിട്ടിട്ട് 

ചാരത്തണഞ്ഞെന്‍റെ  നോവുകള്‍ 

പുല്‍കിയുണക്കുമെന്നമ്മ യുണ്ട്  

  
പരിഭവം ചൊല്ലി കരയവേ

ചേര്‍ത്ത് പിടിച്ചെന്‍റെ

കണ്ണ് തുടയ്ക്കുന്ന

കണ്ടു  മറന്നൊരെന്‍

അച്ഛനും ഉണ്ടരികില്‍......

തല്ലുപിടിക്കുവാന്‍ ,കുപ്പിവള തരാന്‍

ദൂരെ മറഞ്ഞോരെന്‍ ഏട്ടനുണ്ട് ....

കിന്നാരം ചൊല്ലുവാന്‍

പലവഴി പോയവര്‍

തോഴരും ചാരെയുണ്ട്.....

സായന്തനത്തിന്റെ

സംഗീതമായി വന്ന്‍

എന്നുമെന്‍   പ്രണയത്തെ

പുല്കിയുണര്‍ത്തുന്ന

എന്‍പ്രിയ തോഴനും

ചേര്‍ത്ത് പിടിച്ച്  

എന്‍റെ കൂടെയുണ്ട്.....

എന്‍റെ കിനാവിന്‍റെ

ജാലക പാളിയില്‍

മുട്ടി വിളിക്കുമെന്‍

"നിദ്രയാണിന്നെനിക്കേറെയിഷ്ടം....

                                                                      Razla Sahir 





Monday, October 8, 2012

ഇന്നലെ


----------------------------


കൂരിരുള്‍ മൂടിയ നാളെതന്‍ വീഥിയില്‍

യാത്ര പോയീടുവാന്‍ മോഹമാംമശ്വത്തെ

സ്വപ്നമാം തേരില്‍ ഞാന്‍ ചേര്‍ത്തുകെട്ടി

വീഥിതന്‍ ഓരത്ത്  കാത്തുനില്‍ക്കെ

കേട്ടു ഞാന്‍

പിന്നിലുയര്‍ന്നോരാരവത്തിനോപ്പമാ

പൊട്ടിച്ചിരികളും ,തേങ്ങി കരച്ചിലും

എന്തെന്നറിയുവാന്‍

പിന്‍യാത്ര ചെയ്യവേ കണ്ടു ഞാന്‍

ദീപപ്രഭയാല്‍ തെളിഞ്ഞൊരു വീഥിയും

പാര്‍ശ്വങ്ങളില്‍ പരിചിത മുഖങ്ങളും,ദേശങ്ങളും

കണ്ണുനീര്‍ പുഴ നീന്തി കടന്നു ഞാന്‍

 കൌമാര സ്വപ്നത്തിന്‍ ആല്‍മര ചോട്ടിലെന്‍

പ്രണയത്തെ തിരയവേ കണ്ടു ഞാന്‍

പൊട്ടിതകര്‍ന്നോരെന്‍ കുപ്പിവളകളും

വാടികരിഞ്ഞോരാ പ്രണയപുഷ്പങ്ങളും

പിന്നോരാത്മാവിന്റെ തേങ്ങി കരച്ചിലും

പിന്നെയും കാഴ്ചകള്ക്കിടയിലൂടെപ്പോഴോ

ഞാനെന്റെ വീട്ടിന്റെ ഉമ്മറതിണ്ണയില്‍

താരാട്ടിന്‍ ഈണത്തില്‍ പിച്ചവച്ചീടുമെന്‍

ബാല്യത്തെ പുല്‍കുവാന്‍ ഓടി അടുക്കവേ

നിത്യ മരീചികയാകുമാ...

ഇന്നലെയാണതെന്ന സത്യത്തില്‍

നളെയിലേക്ക് ഞാന്‍ യാത്രയായി.....


***************** R A Z L A     S A H I R *******************








Wednesday, September 19, 2012

യാത്രക്കിടെ ........




നിലാവില്‍ ഞാന്‍ ഏകയായ്
നവയാത്ര തുടങ്ങവേ
നിശയില്‍ പൂക്കുമാ
 
നിശാഗന്ധി പോല്‍
നിന്മുഖം എന്മുന്നില്‍ വിടരവേ
നിന്നെ പുല്‍കുവാന്‍ എന്‍കരംനീട്ടവേ
നിഴലായി മെല്ലെ നീങ്ങിതുടങ്ങിനീ
നിന്നിലേക്കെത്തുവാന്‍
നിന്നെ തിരഞ്ഞു ഞാന്‍ വേഗത്തില്‍
നീങ്ങവേ ...

നീളുമാ പാളത്തിന്‍
നടുവിലെന്‍ കാല്‍തട്ടി
നിലതെറ്റി വീഴവെ
നിലാവില്‍ കണ്ടു ഞാന്‍
നിണമണിഞ്ഞൊരാ
നിശ്ചല രൂപം ഒരു മാത്രാ ..

നിഴല്‍ തേടി തളര്‍ന്നു ഞാന്‍
നടവഴിയില്‍ ഇരിക്കവേ
നിലത്തു കിടന്നൊരാ
നിലകണ്ണാടി കഷ്ണത്തില്‍ നോക്കവേ
നിലാവില്‍ തെളിഞ്ഞതാ..
നിണമണിഞ്ഞ
നിശ്ചല രൂപമായിരുന്നു.....


--------------------------------------------Razla Sahir-------------------------------------------

Friday, September 14, 2012

മാരിവില്ല്



പുലരിയില്‍ നീ തന്ന വര്‍ണ്ണങ്ങള്‍ ചേര്‍ത്ത്

മാരിവില്‍ കൊണ്ടൊരു ഹൃത്ത് മെനഞ്ഞു ഞാന്‍

സന്ധ്യയില്‍ നീ തന്ന ചുംബന കുങ്കുമം

എന്‍ സിരയില്‍ ഞാന്‍ ഒഴുക്കിവിട്ടു....

നിന്‍ ഗാനവീചികള്‍ എന്ശ്വസമാക്കി

എന്നുപറഞ്ഞു ഞാന്‍ ആര്‍ത്തു ചിരിക്കവേ ..

നേര് അറിഞ്ഞീടുവാന്‍

ചെമ്പട്ടുടുത്ത് നീ കോമരമായ് വന്ന്‌

എന്‍ കണ്Oസിര അറുത്ത് മുറിച്ചതും

കുങ്കുമച്ചോര ഒഴുക്കികളഞ്ഞതും

വെട്ടിപ്പൊളിച്ചയെന്‍ ഹൃത്തിന്റെ ആഴത്തില്‍

മാരിവില്ലില്ലെന്ന് പുലഭ്യം പറഞ്ഞു നീ

കണ്ണിമ ചിമ്മവേ നിന്‍ കണ്ണില്‍ കണ്ടു ഞാന്‍

ആയിരം മാരിവില്ല് ............


---------------------------------------Razla Sahir,Salalah.---------------------------------------

Monday, September 10, 2012

മേഘ നൊമ്പരം


മേഘ നൊമ്പരം 



പുനര്‍ജനി ഏകാതെ എന്‍ ഉടലില്‍
ചിരാതുകള്‍ കൊളുത്തിയ
താരകങ്ങളെ പ്രണാമം.

കോപാഗ്നിയില്‍ ദിനവും എന്ന്നെ എരിക്കുന്ന
സുവര്‍ണ്ണ സൂര്യനും പ്രണാമം.

എന്‍ വര്‍ണ്ണചിത്രങ്ങള്‍ തച്ചുടച്ച്
എന്കുളിര് കവര്‍ന്ന
കാറ്റിനും പ്രണാമം.

പാതിരാവില്‍ എന്നെ തലോടി മയക്കിയ
നീല നിലാവിനും പ്രണാമം.

എന്‍ ഹൃദയഭിത്തി തുരന്നു  പറന്ന
പറവകള്‍ക്കും പ്രണാമം.

എന്‍ കരിനിഴല്‍  തണലില്‍
പീലി വിരിച്ചാടിയ
മാ മയിലുകള്‍ക്കും പ്രണാമം.

എന്‍ നെഞ്ച് പിളര്‍ത്തിയ
മിന്നല്‍ പിണറിനും പ്രണാമം.

എന്‍ ആര്‍ത്തനാദം ഭയന്ന്
കര്‍ണപടം മറച്ചവര്‍ക്കും പ്രണാമം.

എന്‍ കണ്ണീരോഴുക്കിനെ
പേമാരിയെന്നുരച്ചവര്‍ക്കും
പ്രണാമം,പ്രണാമം,പ്രണാമം.....

---------------------------------------Razla Sahir-----------------------------------------